ഗുസ്തി ഫെഡറേഷൻ സസ്‌പെൻഷൻ കേസ്: കായിക മന്ത്രാലയത്തോട് പ്രതികരണം തേടി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: സസ്‌പെൻഷൻ ചോദ്യം ചെയ്ത് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി കായിക യുവജനകാര്യ മന്ത്രാലയത്തോട് പ്രതികരണം തേടി. മറുപടി നൽകാൻ നാലാഴ്ചത്തെ സമയം അനുവദിച്ച് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു.
കേസിൽ മേയ് 28ന് വീണ്ടും വാദം കേൾക്കും. ഡബ്ല്യു.എഫ്.ഐയുടെ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അടുത്ത സഹായിയായ സഞ്ജയ് സിങ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് 2023 ഡിസംബർ 24 ന് കേന്ദ്ര സർക്കാർ ഡബ്ല്യു.എഫ്.ഐയെ സസ്പെൻഡ് ചെയ്തത്.
സസ്‌പെൻഷൻ സ്വാഭാവിക നീതിയുടെയും 2011ലെ ഇന്ത്യൻ സ്‌പോർട്‌സ് കോഡിന്‍റെയും ലംഘനമാണെന്ന് ഡബ്ല്യു.എഫ്.ഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ വാദിച്ചു. ഡബ്ല്യു.എഫ്.ഐയെ സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വാദിച്ചു.
കൂടാതെ, 2023 ഡിസംബർ 21 ന് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ മന്ത്രാലയം ഉന്നയിച്ച എല്ലാ ആശങ്കകളും അഭിസംബോധന ചെയ്‌തെന്നും തുടർന്ന് 2023 ഡിസംബർ 26 ന് മറുപടി നൽകിയെന്നും എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഡബ്ല്യു.എഫ്.ഐ വാദിച്ചു. മന്ത്രാലയത്തിന്‍റെ നടപടികൾ സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ ലംഘിക്കുക മാത്രമല്ല, ഡബ്ല്യു.എഫ്.ഐയുടെ ബാധ്യതകൾ പാലിക്കുന്നതിനെ അവഗണിക്കുകയും ചെയ്തുവെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.