45 ഡിഗ്രി സെൽഷ്യസ് കടന്ന് ചൂട്; ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി തലസ്ഥാന മേഖലയിലും സമീപപ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഡൽഹിയിലും പരിസരത്തും കൂടിയ താപനില 45 ഡിഗ്രീ സെൽഷ്യസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്.
ഡൽഹി നജാഫ്ഗഡിൽ ഇന്നലെ രേഖപ്പെടുത്തിയ 46.3 ഡിഗ്രീ സെൽഷ്യസാണ് ഏറ്റവുമുയർന്ന ചൂട്. ഒരു മേഖലയിലെ ശരാശരി താപനിലയിൽ 4.5 ഡിഗ്രീ സെൽഷ്യസിന് മുകളിലുള്ള വർധനവിനെയാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) എന്ന് വിളിക്കുന്നത്. മധ്യ ഇന്ത്യയിലും വടക്കു-പടിഞ്ഞാറൻ മേഖലകളിലും ഉഷ്ണതരംഗം ആറ് ദിവസത്തിലേറെ നീളാറുണ്ട്. മരണങ്ങൾക്ക് വരെ ഉഷ്ണതരംഗം കാരണമാകാറുണ്ട്.
രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യത്തിൽ 30 വർഷത്തിനിടെ വലിയ വർധനവുണ്ടായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ രണ്ട് മുതൽ നാല് ദിവസം വരെയാണ് ഒരു ഉഷ്ണതരംഗം നീണ്ടുനിൽക്കുന്നത്. 2060 ആകുമ്പോഴേക്കും 12 മുതൽ 18 ദിവസം വരെ ദൈർഘ്യത്തിലേക്ക് ഉഷ്ണതരംഗങ്ങൾ ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണേന്ത്യയെ നിലവിൽ ഉഷ്ണതരംഗങ്ങൾ രൂക്ഷമായി ബാധിക്കുന്നില്ല. എന്നാൽ, ഭാവിയിൽ ദക്ഷിണേന്ത്യയെയും തീരമേഖലയെയും ഉഷ്ണതരംഗങ്ങൾ ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.