ഭൂരിപക്ഷാഭിപ്രായത്തോട് ചേരുന്നത് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഭൂരിപക്ഷാഭിപ്രായത്തോട് ചേർന്നു പോകുേമ്പാൾ ഉണ്ടാകുന്നത് മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും വിയോജിക്കാനുള്ള അവകാശം കൂടിയാണ് ഊർജസ്വലമായ ജനാധിപത്യത്തിെൻറ സത്തയെന്നും ഡൽഹി ഹൈകോടതി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ബാബരി മസ്ജിദ് ധ്വംസനത്തിെൻറ പശ്ചാതലത്തിലെഴുതിയ 'സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകത്തിെൻറ പ്രസാധനവും വിതരണവും തടയണമെന്ന ഹരജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ വില ജസ്റ്റിസ് യശ്വന്ത് വർമ ഉയർത്തിക്കാട്ടിയത്.
അപ്രിയകരമായ കാര്യങ്ങൾ പറയുമെന്ന ആശങ്ക കാരണം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിയാത്മക അഭിപ്രായങ്ങളെയും ബൗദ്ധിക സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്നത് ജനാധിപത്യ ഭരണത്തിലുള്ള നിയമവാഴ്ചക്ക് ഗുരുതര പരിക്കേൽപ്പിക്കും.
ഭരണഘടനപരമോ നിയമപരമോ ആയ നിയന്ത്രണങ്ങളെ ഒരു കൃതി വ്യക്തമായി ലംഘിക്കാത്തിടത്തോളം അഭിപ്രായ സ്വാതന്ത്ര്യം അവധാനതയോടെ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. 'നിങ്ങളോട് പൂർണമായി വിയോജിക്കുേമ്പാഴും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മരണം ഞാൻ പോരാടുമെന്ന' ഫ്രഞ്ച് ചിന്തകൻ വോൾട്ടയറുടെ വാക്യവും വിധിന്യായത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ ഉദ്ധരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.