അവിവാഹിതയുടെ 23 ആഴ്ചയെത്തിയ ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: പങ്കാളി വിവാഹത്തിന് വിസമ്മതിച്ചതിനാൽ ഈ ബന്ധത്തിലുള്ള 23 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയ അവിവാഹിതയുടെ ആവശ്യം തള്ളി ഡൽഹി ഹൈകോടതി. ജൂലൈ 18ന് ഗർഭം 24 ആഴ്ച പൂർത്തിയാകാനിരിക്കെയാണ് 25 കാരി കോടതിയെ സമീപിച്ചത്. ഉഭയ സമ്മതത്തോടെയുള്ള ഗർഭധാരണത്തിനുശേഷം 20 ആഴ്ച കഴിഞ്ഞൽ നിയമപ്രകാരം ഗർഭഛിദ്രം അനുവദനീയമല്ലെന്ന് നിരീക്ഷിച്ചാണ് ഹരജി തള്ളിയത്.
അതേസമയം, അവിവാഹിതരുടെ 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി നൽകാത്തത് വിവേചനപരമാണെന്ന യുവതിയുടെ വാദത്തിൽ കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. അവിവാഹിതയായിരിക്കെയുള്ള പ്രസവം മനോവേദനക്കും സാമൂഹിക അവഹേളനത്തിനും ഇടയാക്കുമെന്നും മാതാവാകാൻ മാനസികമായി തയാറല്ലെന്നും യുവതി ഹരജിയിൽ വ്യക്തമാക്കി.
ഭരണഘടന അധികാരം വിനിയോഗിക്കുമ്പോൾ ചട്ടങ്ങൾക്കപ്പുറത്തേക്ക് പോകാൻ കോടതിക്ക് കഴിയില്ലെന്ന് ഹരജി പരിഗണിച്ച ഹൈകോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 23 ആഴ്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കില്ലെന്നും ഇത് ഫലത്തിൽ ഭ്രൂണത്തെ കൊല്ലുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.