2 ജി കേസ്: കനിമൊഴിക്കും രാജക്കും ഹൈകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: 2ജി സ്പെക്ട്രം അഴിമതി കേസിൽ മുൻ ടെലികോം മന്ത്രി എ. രാജയെയും ഡി.എം.കെ എം.പി കനിമൊഴിയെയും കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.െഎ സമർപ്പിച്ച അപ്പീലിൽ ഡൽഹി ഹൈകോടതി ഇരുവർക്കും നോട്ടീസ് അയച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സമാനമായ മറ്റൊരു അപ്പീലിൽ ജസ്റ്റിസ് എസ്.പി. ഗാർഗ് ഇരുവരോടും വിശദീകരണം തേടിയിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന ഇൗ മാസം 25നകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. രാജയെയും കനിമൊഴിയെയും കൂടാതെ മറ്റ് 15പേരെയും കഴിഞ്ഞ ഡിസംബറിൽ പ്രത്യേക കോടതി കുറ്റമുക്തരാക്കിയിരുന്നു. ഇവരോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവർക്കു മുമ്പാകെ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അപ്പീൽ ഹരജി നൽകിയത്. ടുജി അഴിമതിയുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
2010ൽ രാജ മന്ത്രിയായിരിക്കെ നടത്തിയ രണ്ടാം തലമുറ സ്പെക്ട്രം വിതരണത്തിൽ വൻ അഴിമതിയുണ്ടെന്ന് കംട്രോളർ ആൻറ് ഒാഡിറ്റർ ജനറൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കുറഞ്ഞ തുകക്ക് സ്പെക്ട്രം വിതരണം ചെയ്തതിലൂടെ 1.76 കോടി രൂപ സർക്കാറിന് നഷ്ടമുണ്ടായെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് 2010 ൽ രാജ മന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനാകുകയും പിന്നീട് 15 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 2011 ലാണ് 2ജി അഴിമതിയിൽ വിചാരണ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.