അപകീർത്തിക്കേസിൽ കർമ ന്യൂസിന് നോട്ടീസ് അയച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: മാധ്യമസ്ഥാപനമായ ന്യൂസ് ലോണ്ട്രിയും കൺഫ്ലുവൻസ് മീഡിയയും ചേർന്ന് സമർപ്പിച്ച അപകീർത്തിക്കേസിൽ കേരളത്തിലെ സംഘ്പരിവാർ അനുകൂല പോർട്ടലായ കർമ ന്യൂസിന് നോട്ടീസ് അയച്ച് ഡൽഹി ഹൈകോടതി. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്.
ഇക്കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽ നടന്ന 'കട്ടിങ് സൗത്ത് 2023' മീഡിയ ഫെസ്റ്റിവലിനെ കുറിച്ചും മാധ്യമസ്ഥാപനങ്ങളെ കുറിച്ചും വിദ്വേഷമുണ്ടാക്കുന്നതും അപകീർത്തികരവുമായ വാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ജസ്റ്റിസ് മനോജ് കുമാറാണ് കർമ ന്യൂസിനും യൂട്യൂബിനും വിശദീകരണം തേടി നോട്ടീസ് അയച്ചത്. പരാതിയുന്നയിച്ച മാധ്യമസ്ഥാപനങ്ങൾക്കെതിരെ അടുത്ത വാദം കേൾക്കുംവരെ ആക്ഷേപകരമായ വാർത്തയോ വിഡിയോയോ പ്രസിദ്ധീകരിക്കില്ലെന്ന് കർമ ന്യൂസിന്‍റെ അഭിഭാഷകൻ അറിയിച്ചു. തങ്ങൾ മാത്രമല്ല, ജന്മഭൂമിയും ഇതേ രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കർമ ന്യൂസ് 30 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് നിർദേശിച്ച കോടതി കേസ് ആഗസ്റ്റ് 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കൊച്ചിയില്‍ സംഘടിപ്പിച്ച 'കട്ടിങ് സൗത്ത് ' മീഡിയ ഫെസ്റ്റിവലിന്‍റെ സംഘാടകർക്ക് വിഘടനവാദികളുമായും രാജ്യവിരുദ്ധ ശക്തികളുമായും ബന്ധമുണ്ടെന്നായിരുന്നു കർമ ന്യൂസിന്‍റെ ആരോപണം. ഇന്ത്യയെ വടക്ക്, തെക്ക് എന്നിങ്ങനെ വേർതിരിക്കാൻ ശ്രമിക്കുന്നവരാണെന്നും ഖലിസ്ഥാനി ഭീകരരുമായും നിരോധിത പോപുലർ ഫ്രണ്ടുമായും സംഘാടകർക്ക് ബന്ധമുണ്ടെന്നും കർമ ന്യൂസ് ആരോപിച്ചിരുന്നു.
കേരള മീഡിയ അക്കാദമിയുമായി ചേർന്നായിരുന്നു മാർച്ചിൽ കൊച്ചിയില്‍ 'കട്ടിങ് സൗത്ത് ' മീഡിയ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ന്യൂസ് ലോണ്ട്രിക്കും കൺഫ്ലുവൻസ് മീഡിയക്കും പുറമേ ന്യൂസ് മിനുട്ടും ഇതിന്‍റെ സംഘാടകരായിരുന്നു.
മറ്റൊരു സംഭവത്തിൽ, ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കര്‍മ ന്യൂസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ചികിത്സാ തട്ടിപ്പ് നടത്തിയെന്ന് പ്രചരിപ്പിക്കുമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്പതികളും കര്‍മ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി.
പണം കൈമാറിയില്ലെങ്കില്‍ വാര്‍ത്ത നല്‍കി ആശുപത്രിയെ നശിപ്പിക്കുമെന്ന് കര്‍മ ന്യൂസ് സി.ഇ.ഒ ഭീഷണിപ്പെടുത്തിയെന്നും തുടരെ തുടരെ ഭീഷണി ഉയര്‍ന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.