123 വഖഫ് സ്വത്തുക്കൾ കേന്ദ്രം ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യില്ല; ഡൽഹി വഖഫ് ബോർഡ് സ്വന്തം വീഴ്ച ഒളിപ്പിക്കേണ്ടെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പള്ളികളും ഖബർസ്ഥാനുകളും മദ്രസകളും ദർഗകളും അടക്കം 123 വഖഫ് സ്വത്തുക്കൾ കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നത് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തില്ല. സ്റ്റേ ചെയ്യാനുള്ള ഹരജി പരിഗണിക്കാൻ ജസ്റ്റിസ് മനോജ് കുമാർ ഓഹ്രിയുടെ സിംഗിൾ ബെഞ്ച് ആഗസ്റ്റ് നാലിലേക്ക് മാറ്റി.
കേന്ദ്ര നടപടി ചോദ്യംചെയ്ത് കഴിഞ്ഞ വർഷം ഡൽഹി വഖഫ് ബോർഡ് സമർപ്പിച്ച ഹരജിക്കൊപ്പം സ്റ്റേക്കുള്ള ഹരജിയും കേൾക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. കേന്ദ്രസർക്കാർ നിയോഗിച്ച രണ്ടംഗ കമ്മിറ്റിക്ക് മുമ്പാകെ ബോർഡ് തങ്ങളുടെ ഭാഗം ബോധിപ്പിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈകോടതി, സ്വന്തം വീഴ്ചകൾ പരവതാനിക്കുള്ളിൽ ഒളിപ്പിക്കാനാവില്ലെന്ന് ഡൽഹി വഖഫ് ബോർഡിനോട് പറഞ്ഞു.
ആദ്യത്തെ ഏകാംഗ കമ്മിറ്റിയുടെ റിപ്പോർട്ട് വേണമെന്ന് ഡൽഹി വഖഫ് ബോർഡ് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, ബുധനാഴ്ച കേസ് പരിഗണിച്ചത് അതിനല്ലെന്നും ജഡ്ജി പ്രതികരിച്ചു. ആദ്യഹരജി തിരുത്താൻ 45 ദിവസത്തെ സമയം തേടിയ വഖഫ് ബോർഡ് പിന്നീട് ഹരജി തിരുത്താനുള്ള അപേക്ഷ സമർപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
കേന്ദ്രം നിയോഗിച്ച 2017ലെ ഏകാംഗ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് കക്ഷിയായ തങ്ങൾക്ക് വേണമെന്നും ആ റിപ്പോർട്ട് ആധാരമാക്കി വഖഫ് സ്വത്തുക്കളിലുള്ള നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആം ആദ്മി പാർട്ടി നിയന്ത്രണത്തിലുള്ള ഡൽഹി വഖഫ് ബോർഡ് ഹൈകോടതിയിൽ ആദ്യം ഹരജി നൽകിയത്. തുടർന്ന് 2021ൽ കേന്ദ്രസർക്കാർ നിയോഗിച്ച രണ്ടംഗ കമ്മിറ്റിക്കെതിരെ മറ്റൊരു അപേക്ഷകൂടി വഖഫ് ബോർഡ് സമർപ്പിച്ചു.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള പല വഖഫ് സ്വത്തുക്കളും വഖഫ് ബോർഡിന്റെ പക്കലുണ്ടെന്നും അവയെല്ലാം കേന്ദ്രം ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ വാദിച്ചു. 2022 ഏപ്രിൽ 12ന് നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കുന്നതുവരെ രണ്ടംഗ കമ്മിറ്റി നടപടികളിലേക്ക് കടക്കരുതെന്ന് ആവശ്യപ്പെട്ടതാണ്. തങ്ങളുടെ ഭാഗം കേൾക്കേണ്ടതുണ്ടെന്ന് നേരത്തേ ഹൈകോടതിതന്നെ വ്യക്തമാക്കിയതാണെന്നും മെഹ്റ വാദിച്ചു.
ഡൽഹി വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള 123 വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്ര നഗരവികസന വകുപ്പ് തീരുമാനിച്ച വിവരം കത്തിലൂടെയാണ് ഡെപ്യൂട്ടി ഭൂ വികസന ഓഫിസർ ഈ മാസം എട്ടിന് വഖഫ് ബോർഡിനെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.