'ഗുഡ് ടൈം' ബിസ്കറ്റ് 'ഗുഡ് ഡേ'യുടെ കോപ്പിയടിയെന്ന് പരാതി; ബ്രിട്ടാനിയക്ക് അനുകൂല വിധി
text_fieldsന്യൂഡൽഹി: 'ഗുഡ് ടൈം' എന്ന പേരിൽ വിപണിയിലിറക്കിയ ബിസ്കറ്റിനെതിരെ 'ഗുഡ് ഡേ' ബിസ്കറ്റ് നിർമാതാക്കളായ ബ്രിട്ടാനിയ നൽകിയ പരാതിയിൽ അനുകൂല വിധി. 'ഗുഡ് ടൈം' ബിസ്കറ്റ് ബ്രിട്ടാനിയയുടെ പ്രമുഖ ഉൽപ്പന്നമായ 'ഗുഡ് ഡേ' ബിസ്കറ്റിന്‍റെ കോപ്പിയടിയാണെന്ന് നിരീക്ഷിച്ച ഡൽഹി ഹൈകോടതി വിൽപന നിർത്തിവെക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് പ്രതിഭ എം. സിങ്ങാണ് കേസ് പരിഗണിച്ചത്.
തങ്ങളുടേതിന് സമാനമായ ഉൽപ്പന്നം സമാനമായ പേരിലും പാക്കേജിലുമാണ് വിൽക്കുന്നതെന്നും ഇത് ഉപഭോക്താക്കളെ കബളിപ്പിക്കലാണെന്നും ബ്രിട്ടാനിയയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അമർ ബിസ്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഗുഡ് ടൈം ബിസ്കറ്റിന്‍റെ നിർമാതാക്കൾ.
ബ്രിട്ടാനിയയുടെ വാദം അംഗീകരിച്ച കോടതി, ബ്രിട്ടാനിയ ഗുഡ് ഡേ ബിസ്കറ്റ് വ്യാപകമായി പ്രചാരത്തിലുള്ളതും വലിയ വിറ്റുവരവുള്ളതാണെന്നും ചൂണ്ടിക്കാട്ടി. ഉൽപ്പന്നവും അതിന്‍റെ പാക്കേജിങ്ങും എല്ലാവരും തിരിച്ചറിയുന്ന ഒന്നാണ്. പരാതിക്കാരന്‍റെ ഉൽപ്പന്നത്തിന്‍റെ സ്വീകാര്യത പ്രയോജനപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉൽപ്പന്നത്തിന്‍റെ പേരോ പാക്കേജിങ്ങോ അനുകരിക്കാനുള്ള ഏത് ശ്രമവും തടയേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കും. ഇത് ഭക്ഷ്യ ഉൽപ്പന്നമാണെന്നത് കൂടി പരിഗണിക്കുമ്പോൾ ഇത്തരം ആശയക്കുഴപ്പങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട് -കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.