എയർസെൽ-മാക്സിസ് കേസിൽ പി.ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ പി.ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ അനുവദിച്ച് ഡൽഹി ഹൈകോടതി. ജസ്റ്റിസ് മനോജ് കുമാർ ഓഹ്‍രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെയാണ് വിചാരണക്ക് കോടതി സ്റ്റേ അനുവദിച്ചത്.
കേസിൽ ഇ.ഡിക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. എയർസെൽ മാക്സിസ് കേസിൽ ഇ.ഡി പരാതിയുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി ചിദംബരത്തിനും മകനുമെതിരെ സ്വമേധയ കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് ചിദംബരത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.ഹരിഹരൻ വാദിച്ചിരുന്നു.
എയർസെൽ-മാക്സിസ് ഇടപാടിന് അംഗീകാരം നൽകിയ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിന്റെ നടപടിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ചിദംബരത്തിനെതിരായ നടപടി. അന്ന് ചിദംബരം കേന്ദ്രധനകാര്യമന്ത്രിയായിരുന്നു.
3500 കോടിയുടെ എയർസെൽ-മാക്സിസ് ഇടപാടിൽ ചിദംബരത്തിനും കാർത്തി ചിദംബരത്തിനും കൈക്കൂലി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. പരാതികളുടെ അടിസ്ഥാനത്തിൽ 2018ൽ ഇ.ഡിയും സി.ബി.ഐയും ചിദംബരത്തിനെതിരെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.