കേന്ദ്രത്തോട് ഡൽഹി ഹൈകോടതി ഏക സിവിൽ കോഡ് നടപ്പാക്കണം
text_fieldsന്യൂഡൽഹി: എല്ലാവർക്കും ബാധകമാകുന്ന വിധം ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ആവശ്യമാണെന്നും അത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഉചിത നടപടി സ്വീകരിക്കണമെന്നും ഡൽഹി ഹൈകോടതി. കോടതി വിധിയുടെ പകർപ്പ് നിയമ-നീതികാര്യ മന്ത്രാലയം സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ്ങിെൻറ സിംഗിൾ ബെഞ്ച് നിർദേശിച്ചു. മതത്തിെൻറയും സമുദായത്തിെൻറയും ജാതിയുടെയും പരമ്പരാഗതമായ തടസ്സങ്ങൾ തൂത്തെറിഞ്ഞ് ഇന്ത്യൻ സമൂഹം ഏകജാതീയമായിക്കൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തിയാണ് രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അനിവാര്യമായിരിക്കുകയാണെന്ന് ഹൈകോടതി പറഞ്ഞത്. മീണ സമുദായത്തിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട 1955ലെ ഹിന്ദു വിവാഹ നിയമത്തിെൻറ പ്രായോഗികത ചോദ്യം ചെയ്യുന്ന ഹരജിയിലാണ് കോടതി നിരീക്ഷണം. മൂന്നു ദശകം മുമ്പ് തന്നെ ഏകീകൃത വ്യക്തി നിയമങ്ങൾക്ക് അനുകൂലമായി സുപ്രീംകോടതി നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ജഡ്ജി ഒാർമിപ്പിച്ചു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങി വ്യക്തിപരമായ വിഷയങ്ങളിൽ എല്ലാ മത സമൂഹങ്ങളിലുള്ളവരും ഒരേ നിയമം പിന്തുടരുന്നതിനാണ് ഏക സിവിൽ കോഡ്. നിലവിൽ ഒാരോ മതക്കാർക്കും അവരവരുടെ വ്യക്തിനിയമങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഭരണഘടനയുടെ 44ാം അനുച്ഛേദം വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം എന്നിവയിൽ ഏകീകൃത വ്യക്തിനിയമത്തിലേക്ക് നീങ്ങാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതാണെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി.
വിവിധ വ്യക്തി നിയമങ്ങൾ മൂലം സമൂഹത്തിലുണ്ടാകുന്ന സംഘർഷങ്ങളും വൈരുധ്യങ്ങളും ഇതില്ലാതാക്കുമെന്നും വിവിധ മത, ജാതി, ഗോത്ര സമൂഹങ്ങളിലുള്ള യുവ ജനങ്ങൾ വ്യക്തിനിയമങ്ങൾക്കിടയിലെ പ്രശ്നങ്ങളുമായി പൊരുതേണ്ടിവരുകയാണെന്നും സിംഗിൾ ബെഞ്ച് കൂട്ടിച്ചേർത്തു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നേരത്തേ ഇതേ ആവശ്യം സുപ്രീംകോടതിയിൽ ഉന്നയിച്ചിരുന്നു. രാമക്ഷേത്ര അജണ്ടക്ക് ശേഷം ആർ.എസ്.എസ് ലക്ഷ്യമിടുന്ന 'ഒരു രാജ്യം ഒരു നിയമം' അജണ്ടക്ക് കേന്ദ്ര സർക്കാറിന് പിടിവള്ളിയാകുന്നതാണ് ഡൽഹി ഹൈകോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.