മോദിയുടെ ബിരുദ വിവരം: കേന്ദ്ര വിവരാവകാശ കമീഷണറുടെ ഉത്തരവിന് സ്റ്റേ
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.എ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കണമെന്ന കേന്ദ്ര വിവരാവകാശ കമീഷണറുടെ ഉത്തരവ് ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തു. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒരു വിദ്യാര്‍ഥിയുടെ സ്വകാര്യ രേഖയായതിനാല്‍ അത് പരസ്യമാക്കരുതെന്ന അപേക്ഷയുമായി ഡല്‍ഹി സര്‍വകലാശാല കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ വിശ്വസ്തന്‍ കൂടിയായിരുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേയാണ് ഡല്‍ഹി സര്‍വകലാശാലക്ക് വേണ്ടി കേസില്‍ ഹാജരായത്. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്നറിയാനായി വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷ കേന്ദ്ര വിവരാവകാശ കമീഷണര്‍ അംഗീകരിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണെന്ന് അദ്ദേഹം വാദിച്ചു. ഡിഗ്രി ഒരു വിദ്യാര്‍ഥിക്കും സര്‍വകലാശാലക്കുമിടയിലുള്ള സ്വകാര്യ ഇടപാടാണ്. ഡല്‍ഹി സര്‍വകലാശാലയും രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത് അവയിലര്‍പ്പിച്ച വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലാണെന്നും പൊതുതാല്‍പര്യമില്ലാതെ അത്തരം രേഖകള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ളെന്നും തുഷാര്‍ മത്തേ ബോധിപ്പിച്ചു. തുടര്‍ന്ന് ഉത്തരവ് സ്റ്റേ ചെയ്ത ഹൈകോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഏപ്രില്‍ 27ലേക്ക് മാറ്റി. അതിനകം മറുപടി നല്‍കാന്‍ നീരജിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ ബിരുദം വ്യാജമാണെന്ന വിവാദത്തിന്‍െറ നിജസ്ഥിതി അറിയാനാണ് ആം ആദ്മി പാര്‍ട്ടി അനുഭാവിയായ വിവരാവകാശ പ്രവര്‍ത്തകന്‍ നീരജ് ശര്‍മ ആദ്യം ഡല്‍ഹി സര്‍വകലാശാലയെ സമീപിച്ചത്. മോദി പരീക്ഷ ജയിച്ചുവെന്ന് പറയുന്ന 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ബി.എ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നീരജിന്‍െറ അപേക്ഷ. ഇത് ഒരു സ്വകാര്യ വിഷയമാണെന്നും അതില്‍ പൊതുതാല്‍പര്യം ഇല്ളെന്നും പറഞ്ഞ് സര്‍വകലാശാല അപേക്ഷ തള്ളി. തുടര്‍ന്നാണ് നീരജ് കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചത്. വിവരം നല്‍കാത്തതിന് ഡല്‍ഹി സര്‍വകലാശാലക്ക് 25,000 രൂപ പിഴയിട്ട വിവരാവകാശ കമീഷണര്‍, ആവശ്യപ്പെട്ട വിവരങ്ങള്‍ അപേക്ഷകന് ലഭ്യമാക്കാന്‍ ഉത്തരവിട്ടു.
1978ലെ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ഒരു മൂന്നാംകക്ഷി പരിശോധിക്കുന്നത് അംഗീകരിക്കരുത് എന്ന സര്‍വകലാശാലയുടെ വാദം തള്ളിയാണ് ആ വര്‍ഷത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കിയത്. 1978ല്‍ പാസായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും റോള്‍ നമ്പര്‍, പേര്, പിതാവിന്‍െറ പേര്, കിട്ടിയ മാര്‍ക്ക് എന്നിവയടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന രജിസ്റ്റര്‍ പരിശോധിക്കാന്‍ നീരജിനെ അനുവദിക്കണമെന്ന് ഉത്തരവില്‍ വിവരാവകാശ കമീഷണര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ സ്വകാര്യതയുടെ പ്രശ്നം ഉദ്ഭവിക്കുന്നില്ളെന്നും കമീഷണറുടെ ഉത്തരവില്‍ തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.