സ്പോർട്സ് ഫെഡറേഷനുകൾക്ക് അംഗീകാരമില്ല;കായിക പ്രതിസന്ധി
text_fieldsകോഴിക്കോട്: സുതാര്യമായ പ്രവർത്തനം നടത്തുന്നില്ലെന്ന് ആരോപണമുയർന്ന രാജ്യത്തെ മുഴുവൻ കായിക സംഘടനകളുെടയും അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതോടെ രാജ്യത്തെ കായികരംഗം പ്രതിസന്ധിയിലേക്ക്. കോവിഡ് കാലത്ത് പരിശീലനമടക്കം മുടങ്ങിയതിന് പിന്നാലെയാണ് ഡൽഹി ഹൈകോടതിയുടെ നിർദേശപ്രകാരം 54 സ്പോർട്സ് ഫെഡറേഷനുകളുടെ അംഗീകാരം കേന്ദ്ര സർക്കാർ പിൻവലിച്ചത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനടക്കമുള്ള കായിക സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് അഭിഭാഷകനും കായികപ്രേമിയുമായ രാജീവ് മെഹ്റ 2010ൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഡൽഹി ഹൈകോടതിയുടെ ഇടപെടൽ. മാറിമാറി വന്ന സർക്കാറുകൾ ഫെഡറേഷനുകളിലെ ക്രമക്കേടുകൾ കണ്ടില്ലെന്ന് നടിച്ചതാണ് അവസാനം കോടതിയെ പ്രകോപിപ്പിച്ചത്. 2011ലെ ദേശീയ കായിക ചട്ടത്തിനനുസരിച്ച് പ്രവർത്തിക്കാത്തതും ഫെഡറേഷനുകൾക്ക് വിനയായി. അംഗീകാരം റദ്ദാക്കിയതോടെ ലക്ഷക്കണക്കിന് രൂപയുടെ കേന്ദ്രസഹായമാണ് വിവിധ കായിക സംഘടനകൾക്ക് നഷ്ടമാകുന്നത്.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഹോക്കി ഇന്ത്യ, ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ, സ്വിമിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ സംഘടനകളുടെ അംഗീകാരമാണ് കായിക മന്ത്രാലയം റദ്ദാക്കിയത്. ഇന്ത്യൻ ഗോൾഫ് യൂനിയൻ, സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, റോവിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം നേരത്തേ നഷ്ടമായിരുന്നു. കോടതിയെ അറിയിക്കാതെ ഫെഡറേഷനുകളുടെ അംഗീകാരം സെപ്റ്റംബർ 30 വരെ കേന്ദ്രസർക്കാർ കഴിഞ്ഞമാസം താൽക്കാലികമായി അനുവദിക്കുകയായിരുന്നു. എന്നാൽ, ഹരജിക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ഉടൻ തീരുമാനം പിൻവലിക്കണമെന്ന് സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. തുടർന്നാണ് അംഗീകാരം വീണ്ടും റദ്ദാക്കാൻ സർക്കാർ നിർബന്ധിതമായത്. അപ്പീൽ സമർപ്പിച്ചിട്ടും സർക്കാറിന് അനുകൂലമായല്ല കോടതി പ്രതികരിച്ചത്. അടുത്തമാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും.അതേസമയം, കോവിഡിെൻറ വ്യാപനം തിരിച്ചടിയായിരിക്കെ ഒളിമ്പിക് ഒരുക്കത്തിനിടയിലെ അംഗീകാരം പിൻവലിക്കൽ കായിക സംഘടനകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.