മരിച്ചു, പിന്നെ ജീവിച്ചു, ഒടുവിൽ വിധിക്കു കീഴടങ്ങി
text_fields
ന്യൂഡൽഹി: ആദ്യം ‘മരിക്കു’കയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത നവജാതശിശു ഒടുവിൽ വിധിയുടെ മുന്നിൽ കീഴടങ്ങി. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രസവിച്ച ബദർപുർ സ്വദേശിനിയുടെ 22 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പ്രസവിച്ചയുടൻ മരിച്ചെന്നു പറഞ്ഞ് നഴ്സുമാർ കൈമാറിയ നവജാതശിശു പിന്നീട് കണ്ണുതുറന്ന സംഭവം കഴിഞ്ഞദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ജനിച്ച കുഞ്ഞ് ശ്വാസമെടുക്കുന്നില്ലെന്ന് കണ്ട നഴ്സുമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസമിടിപ്പില്ലാതിരുന്ന കുഞ്ഞ് മരിച്ചെന്നു പറഞ്ഞ് തുണിയിൽ പൊതിഞ്ഞ് സീൽവെച്ച് സംസ്കരിക്കുന്നതിനായി പിതാവിന് കൈമാറി.മാതാവിന് പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അവരെ ആശുപത്രിയിലാക്കി ബന്ധുക്കൾ കുഞ്ഞിനെ സംസ്കരിക്കാൻ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടെ കുഞ്ഞിനെ കാണണമെന്ന് ബന്ധുക്കളായ ചില സ്ത്രീകൾ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊതി തുറന്നുനോക്കിയപ്പോഴാണ് കുഞ്ഞ് കാലുകൾ ഇളക്കുന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് കുഞ്ഞിനെ ഉടൻ അപ്പോളോ ആശുപത്രിയിലെത്തിച്ചു.
നവജാതശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അവിടെയുള്ള ഡോക്ടർമാർ പറഞ്ഞതോടെ കുഞ്ഞിനെ മാതാവിെൻറ അരികിലേക്ക് കൊണ്ടുപോയി. ഇൗ കുഞ്ഞാണ് പിന്നീട് മരിച്ചത്. കുഞ്ഞിന് 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങൾ പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.