ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി വീണ്ടും ഡൽഹി
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള തലസ്ഥാന നഗരമായി ഡൽഹി. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച് ഗവേഷണങ്ങൾ നടത്തുന്ന സ്വിസ് സ്ഥാപനമായ ഐക്യു എയർ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബിഹാറിലെ ബെഗുസരായി ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റിയുമായി.
ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളിൽ മൂന്നാമത്തേതാണ് ഇന്ത്യ. 134 രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ലാദേശും പാകിസ്താനും മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. 2022ൽ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ.
2018 മുതൽ നാല് തവണ ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡൽഹി മാറിയിരുന്നു. 2022ൽ, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി പിഎം 2.5 സാന്ദ്രതയുള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്.
ബിഹാറിലെ ബെഗുസരായ് ആണ് ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം. ഒരു ക്യൂബിക് മീറ്ററിന് ശരാശരി പിഎം 2.5 സാന്ദ്രത 118.9 മൈക്രോഗ്രാം ആണ്. ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന വാർഷിക ഗൈഡ്‌ലൈൻ ലെവൽ ക്യൂബിക് മീറ്ററിന് 5 മൈക്രോഗ്രാം പി.എം 2.5 സാന്ദ്രതയാണ്. എന്നാൽ, ഇന്ത്യയിൽ 1.36 ബില്യൺ ആളുകൾ ഇതിൽ കൂടുതൽ മലിനമായ വായു ശ്വസിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.
വായു മലിനീകരണം മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്ത് പ്രതിവർഷം 40 ലക്ഷം പേർ അന്തരീക്ഷ മലീനികരണത്തിന്‍റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഘാതം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷം മരണങ്ങൾക്കാണ് ഓരോ വർഷവും വായു മലിനീകരണം കാരണമാകുന്നത്. ആസ്ത്മ, കാൻസർ, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും വായു മലിനീകരണം കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.