ഭീതിക്കിടെ എയർ ഇന്ത്യ വിമാനം കാബൂളിൽ; അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി മടങ്ങും
text_fieldsകാബൂൾ: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എയർ ഇന്ത്യ വിമാനം അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ലാൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് 12.43ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർബസ് എ 320 വിമാനമാണ് കാബൂളിൽ ലാൻഡ് ചെയ്തത്. രണ്ട് മണിക്കൂർ വൈകി കാബൂൾ സമയം 1.45നാണ് വിമാനം പറന്നിറങ്ങിയത്.
40 പേരുമായാണ് വിമാനം കാബൂളിലേക്ക് യാത്രതിരിച്ചത്. 162 യാത്രക്കാരുമായാവും കാബൂളിൽ നിന്നും വിമാനം ഡൽഹിയിലേക്ക് തിരികെ വരിക. ലാൻഡിങ്ങിന് ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനം വൈകിയതെന്നാണ് സൂചന. ഇതേ സമയം തന്നെ എമിറേറ്റ്സ് വിമാനത്തിനും ലാൻഡിങ്ങിന് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. റൺവേയിൽ മറ്റൊരു വിമാനമുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു.
പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിസ്താനുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമാണ് എയർ ഇന്ത്യ കാബൂളിലേക്ക് സർവീസ് നടത്തുന്നത്. അതേസമയം, അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന് പൂർണ്ണ സഹകരണമുണ്ടാവുമെന്ന് എയർ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയും അറിയിച്ചു. നിലവിൽ എയർ ഇന്ത്യ മാത്രമാണ് കാബൂളിലേക്ക് ഇന്ത്യയിൽ നിന്നും സർവീസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.