കേരളത്തിന്റെ ഡൽഹി പ്രതിഷേധം നാളെ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധത്തിനും ഫെഡറൽ തത്ത്വങ്ങള്‍ തകര്‍ക്കുന്ന നയത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ കൂടുതൽ പ്രതിപക്ഷ പങ്കാളിത്തം. ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചാൽ കേരള ഹൗസിൽനിന്ന് ജന്തർ മന്തർ വേദിയിലേക്ക് പ്രതിഷേധ മാർച്ചായി പോകാനാണ് തീരുമാനം.പ്രതിഷേധത്തിൽ ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എൻ.സി.പി, ഡി.എം.കെ, ജെ.എം.എം അടക്കമുള്ള പാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് ചൊവ്വാഴ്ച ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു. കേന്ദ്രം ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും ഇടത് എം.പിമാരും സമരത്തിൽ പങ്കെടുക്കും. സമരം കേന്ദ്ര സർക്കാറിന്റെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമരം പ്രസക്തമാണെന്നതിന്റെ തെളിവാണ് കർണാടകയും സമരം പ്രഖ്യാപിച്ചതെന്ന് എളമരം കരീം എം.പി പറഞ്ഞു. പിന്തിരിഞ്ഞു നിൽക്കുന്ന കേരളത്തിലെ കോൺഗ്രസിനുള്ള മറുപടിയാണ് കർണാടകയുടെ സമരം. കോൺഗ്രസ് ദേശീയ നേതൃത്വം സമരത്തിൽ പങ്കെടുക്കാത്തത് കേരള നേതാക്കളുടെ സമ്മർദം കൊണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേട്ടമുണ്ടെങ്കിലേ സഹായിക്കൂ എന്നതാണ് ബി.ജെ.പി നിലപാടെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.