ഡൽഹി രാംലീല മൈതാനത്ത് കർഷകരുടെ മഹാപഞ്ചായത്ത് തുടങ്ങി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനത്ത് കർഷകരുടെ മഹാപഞ്ചായത്ത് തുടങ്ങി. നൂറുകണക്കിന് കർഷകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. വിവിധ കർഷക-തൊഴിലാളി യൂനിയനുകൾ മഹാപഞ്ചായത്തിന്‍റെ ഭാഗമാകും. മിനിമം താങ്ങുവില ഉൾപ്പെടെ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
കർഷകരുടെ ഡൽഹി ചലോ പ്രക്ഷോഭത്തിന്‍റെ തുടർച്ചയെന്നോണമാണ് ഇന്നത്തെ മഹാപഞ്ചായത്ത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെ കർഷകർ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നുണ്ട്. രാംലീല മൈതാനിയിൽ അണിനിരന്ന കർഷകർ മുദ്രാവാക്യം മുഴക്കുകയാണ്.
സമാധാനപരമായുള്ള സമ്മേളനത്തിനുശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി. മഹാപഞ്ചായത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നു. അതിനാൽ, കർഷകരെ തടയാനുള്ള ശ്രമമുണ്ടായില്ല. മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 5000ൽ കൂടരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.