ബി.ജെ.പി എന്ത് അന്വേഷണവും പ്രഖ്യാപിച്ചോളൂ; ഞങ്ങൾ ഗുജറാത്തിൽ സർക്കാറുണ്ടാക്കും, എല്ലാ വീട്ടിലും സൗജന്യ വൈദ്യുതി നൽകും -എ.എ.പി
text_fieldsന്യൂഡൽഹി: ഡൽഹിയിലെയും പഞ്ചാബിലെയും എ.എ.പി സർക്കാറിനെതിരെ ബി.ജെ.പി ഏതുതരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചാലും എല്ലാ വീട്ടിലും പ്രതിമാസം 300 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിൽനിന്ന് പിൻമാറില്ലെന്ന് എ.എ.പി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ജയിക്കുമെന്നും ഡിസംബറിൽ സർക്കാർ രൂപീകരിച്ച് 2023 മാർച്ച് 1 മുതൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ വൈദ്യുതി നൽകുമെന്നും എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ സൗജന്യ വൈദ്യുതി പദ്ധതിയെക്കുറിച്ച് ഡൽഹി ലെഫ്റ്റനന്റ് ജനറൽ വി.കെ. സക്‌സേന അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് എ.എ.പിയുടെ പ്രതികരണം. ഗുജറാത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ വിജയരഥം തടയാനുള്ള ബി.ജെ.പിയുടെ മറ്റൊരു ഗൂഢാലോചനയാണ് അന്വേഷണമെന്നും അദ്ദേഹം ആരോപിച്ചു.
'സൗജന്യ വൈദ്യുതി പദ്ധതിയെ കുറിച്ചും എ.എ.പിയെ കുറിച്ചും ഗുജറാത്തിന്റെ എല്ലാ മുക്കിലും മൂലയിലും ആളുകൾ ചർച്ച ചെയ്യുന്നതിനാലാണ് ബി.ജെ.പി ഇത്തരം ഗൂഢാലോചന നടത്തുന്നത്. അന്വേഷണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് കഴിയുന്നത്ര എന്ത് അന്വേഷണവും പ്രഖ്യാപിച്ചോളൂ... ഞങ്ങൾ പഞ്ചാബിലും വൈദ്യുതി സബ്‌സിഡി നൽകുന്നത് തുടരും. ഇത് നിലയ്ക്കില്ല. ഞങ്ങളുടെ പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപവത്കരിച്ച് സൗജന്യ വൈദ്യുതി നൽകുമെന്ന് എ.എ.പിക്കും അരവിന്ദ് കെജ്‌രിവാളിനും വേണ്ടി ഞാൻ വാഗ്ദാനം ചെയ്യുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിലെത്തിയാൽ ഗുജറാത്തിലും എല്ലാ വീട്ടിലും പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന ഉറപ്പ് പാലിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) അറിയിച്ചു. ഈ വർഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വൈദ്യുതി സബ്‌സിഡി പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ (എൽജി) സക്‌സേന ഉത്തരവിട്ടതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.