ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു
text_fieldsന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഓഫീസ് അറിയിച്ചു. വൈകിട്ടോടെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. 2016 മുതൽ ഡൽഹി ലഫ്. ഗവർണറായി സേവനമനുഷ്ടിക്കുകയായിരുന്നു ബൈജാൽ.
അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി സർക്കാരുമായി നിരവധി തവണ ബൈജാൽ ഏറ്റുമുട്ടിയിരുന്നു. കെജ്രിവാൾ സർക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അടക്കം രൂക്ഷമായി വിമർശിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു. ഡൽഹിയുടെ 21-ാം ലഫ്. ഗവർണറായിരുന്നു ബൈജാൽ. അതേസമയം, രാജിയുടെ യഥാർഥ കാരണം വ്യക്തമാക്കാൻ ബൈജാൽ തയാറായിട്ടില്ല.
1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ബൈജാൽ സിവിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ലഫ്. ഗവർണറായി ചുമതലയേറ്റത്. നജീബ് ജങ്ങിന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്ന് 2016 ഡിസംബർ 31നാണ് ഡൽഹിയുടെ ലെഫ്. ഗവർണറായത്.
അടൽ ബിഹാരി വാജ്പേയി സർക്കാറിന്‍റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ജയിൽ മാനുവലിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കിരൺബേദിയെ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് ബൈജാൽ നീക്കിയത് വലിയ വാർത്തയായിരുന്നു.
2006ൽ നഗരവികസന മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. തുടർന്ന് മൻമോഹൻ സിങ് സർക്കാർ തുടക്കം കുറിച്ച ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ മേൽനോട്ട ചുമതല വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.