ഡൽഹി മദ്യനയ അഴിമതിക്കേസ്: ആപ്പിനെ പ്രതിയാക്കാൻ ആലോചന; സുപ്രീംകോടതിയിൽ നാടകീയ രാഷ്ട്രീയനീക്കം
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിയാക്കുന്നത് ആലോചനയിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയെ അറിയിച്ചു. അനധികൃത പണമിടപാട് തടയൽ നിയമ(പി.എം.എൽ.എ)ത്തിലെ 70ാം വകുപ്പുകൂടി കേസിൽ ചേർത്താണ് ആപ്പിനെ പ്രതിയാക്കാൻ ചിന്തിക്കുന്നതെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്.വി. രാജു വ്യക്തമാക്കി.
ഏത് കുറ്റത്തിനാണ് ആപ്പിനെ പ്രതിയാക്കുന്നതെന്ന കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് ഇ.ഡിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്, മനീഷ് സിസോദിയയുടെ ജാമ്യഹരജിയെ ഇതൊന്നും ബാധിക്കില്ലെന്നും ഓർമിപ്പിച്ചു. അതേസമയം, മാധ്യമങ്ങൾക്ക് വാർത്തയാക്കാനുള്ള പ്രസ്താവനയാണിതെന്ന് മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി കുറ്റപ്പെടുത്തി.
ഡൽഹി മദ്യനയത്തിന്റെ കൈക്കൂലിപ്പണം ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കൈയിലെത്തിയതിനോ അദ്ദേഹം ഉപയോഗിച്ചതിനോ തെളിവില്ലെന്ന് നേരത്തേ വ്യക്തമാക്കിയ സുപ്രീംകോടതി, അഴിമതിപ്പണം കിട്ടിയെന്ന് ഇ.ഡി ആരോപിക്കുന്ന ആപ്പിനെ എന്തുകൊണ്ട് പ്രതിയാക്കിയില്ലെന്ന് നേരത്തേ ചോദിച്ചിരുന്നു.
‘ഈ ചോദിച്ചത് ആം ആദ്മി പാർട്ടിയെ പ്രതിയാക്കാനല്ലെന്നും കേവലം നിയമപരമായ ഒരു ചോദ്യമുന്നയിച്ചതാണെന്നും പിന്നീട് വ്യക്തത വരുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.