ഡൽഹി മദ്യനയ അഴിമതി: മനീഷ് സിസോദിയക്ക് ജാമ്യമില്ല; 388 കോടിയുടെ കൈമാറ്റം തെളിയിക്കാനായെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ മന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹരജി സുപ്രീംകോടതി തള്ളി. സിസോദിയ പണം വാങ്ങിയതിന് തെളിവെവിടെ എന്ന് വാദം കേൾക്കലിനിടെ നേരത്തെ ചോദിച്ചിരുന്ന സുപ്രീംകോടതി 338 കോടി രൂപയുടെ കൈമാറ്റം നടന്നുവെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായിട്ടുണ്ടെന്ന് ജാമ്യം തള്ളി പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി. വിധി ആം ആദ്മി പാർട്ടിക്കും ഡൽഹി സർക്കാറിനും കനത്ത തിരിച്ചടിയായി.
ആറ്-എട്ട് മാസത്തിനകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകി. മൂന്നുമാസം പിന്നിട്ടാലും വിചാരണ നടപടികൾ മന്ദഗതിയിലാണെന്നുകണ്ടാൽ പുതിയ ജാമ്യാപേക്ഷയുമായി സിസോദിയക്ക് സുപ്രീംകോടതിയെ സമീപിക്കാം.
വളരെ പരിമിതമായ അർഥത്തിലുള്ള നിയമപ്രശ്നങ്ങൾക്കാണ് ഉത്തരം നൽകുന്നതെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. കേസിലെ ചില വശങ്ങൾ സംശയാസ്പദമാണ്. അതേസമയം 338 കോടി രൂപയുടെ കൈമാറ്റം ഏറക്കുറെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളുന്നതെന്നും ജസ്റ്റിസ് ഖന്ന തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.