ഡൽഹിയിൽ മേയ് 31 വരെ നീട്ടി; കടുത്ത നിയന്ത്രണങ്ങൾ
text_fieldsന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗം രൂക്ഷമായി തുടരവെ ഡൽഹിയടക്കം മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടി. തിങ്കളാഴ്ച രാവിലെ അവസാനിക്കാനിരുന്ന ലോക്ഡൗൺ മേയ് 31 വരെയാണ് ഡൽഹി സർക്കാർ നീട്ടിയത്. ഏപ്രിൽ 19ന് ആരംഭിച്ച ലോക്ഡൗൺ ഡൽഹി നാലുതവണ നീട്ടി. നിലവിൽ 1,000 ത്തിനു മുകളിൽ പ്രതിദിന കേസുകൾ ഉണ്ടെന്നും കുറയുകയാണെങ്കിൽ അടുത്ത ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
കേരളത്തിൽ മേയ് 16ന് അവസാനിക്കേണ്ടിയിരുന്ന ലോക്ഡൗൺ മേയ് 30 വരെയാണ് നീട്ടിയത്. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഒരാഴ്ചകൂടി തുടരുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് മേയ് 31 വരെയും കർണാടക ജൂൺ ഏഴുവരെയുമാണ് ലോക്ഡൗൺ നീട്ടിയത്. രാജ്യത്ത് പ്രതിദിന കേസുകളിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഏറെ മുന്നിലാണ്. കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്ര നിലവിെല ലോക്ഡൗൺ ജൂൺ ഒന്നുവരെയാണ് നീട്ടിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും മഹാരാഷ്ട്ര സർക്കാർ നിർബന്ധമാക്കി. ഹരിയാനയിൽ മേയ് 24ന് അവസാനിക്കുന്ന ലോക്ഡൗൺ നീട്ടിേയക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
ഛത്തീസ്ഗഢിൽ നിലവിലെ ലോക്ഡൗൺ മേയ് 31 വരെയും ഝാർഖണ്ഡിൽ മേയ് 27 വരെയും തുടരും. ഗോവയിൽ ലോക്ഡൗണിന് സമാനമായ കർഫ്യു മേയ് 31 വരെ തുടരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഗുജറാത്ത്, ഉത്തർപ്രദേശ്, ജമ്മു-കശ്മീർ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. ലോക്ഡൗണിനെ തുടർന്ന് ബസുകളിൽ എട്ടുലക്ഷം അന്തർസംസ്ഥാന തൊഴിലാളികൾ ഡൽഹി വിട്ടെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,48,842 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 3,741 പേർ മരിച്ചു. നിലവിൽ 28,05, 399 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.