പക്ഷിപ്പനി സ്ഥിരീകരിച്ചത് ഒമ്പത് സംസ്ഥാനങ്ങളിൽ; അതിജാഗ്രതയിൽ രാജ്യം
text_fieldsന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയിലും പക്ഷിപ്പനി ബാധിച്ച് നിരവധി പക്ഷികൾ ചത്തൊടുങ്ങിയതോടെ രാജ്യത്ത് ഭീതി പടരുന്നു. ഒമ്പതു സംസ്ഥാനങ്ങളിലാണ് ഇതുവരെയായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ഇതുവരെയായി പകർച്ചപ്പനിയുടെ പിടിയിലുള്ളത്.
അവസാനമായി രോഗം കണ്ടെത്തിയ ഡൽഹിയിൽ പക്ഷികളുടെ ഇറക്കുമതി നിരോധിച്ചുവെന്ന് മാത്രമല്ല, ഗാസിപൂരിലെ ഏറ്റവും വലിയ കോഴി മൊത്തവിപണന കേന്ദ്രം അടക്കുകയും ചെയ്തു. സഞ്ജയ് തടാകത്തിലും പ്രവേശനം വിലക്കിയിട്ടുണ്ട്.
മൂന്നു നാല് ദിവസങ്ങൾക്കിടെ 27 താറാവുകളാണ് തടാകത്തിൽ ചത്തൊടുങ്ങിയത്. ബീഗംപൂർ, സരിത വിഹാർ, ദിൽഷാദ് ഗാർഡൻ, ദ്വാരക എന്നിവിടങ്ങളിലും കൂട്ടമായി പക്ഷികൾ ചത്തൊടുങ്ങിയിട്ടുണ്ട്.
2006നു ശേഷം വീണ്ടും പക്ഷിപ്പനി കണ്ടെത്തിയ മഹാരാഷ്ട്രയിലും കേരളത്തിനു സമാനമായി പക്ഷികളെ കൊന്നൊടുക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കേരളത്തിൽ മാത്രം ഇതുവരെ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പ്രധാനമായും സംസ്ഥാനത്ത് രോഗ ഭീതി നിലനിൽക്കുന്നത്.
ഉത്തർ പ്രദേശിൽ പക്ഷിപ്പനി ഭീതി മൂലം മൃഗശാലകൾ, പക്ഷി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം വിലക്കി. ഹിമാചൽ പ്രദേശിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. പോങ് ഡാം തടാകത്തിൽ 215 ദേശാടനപക്ഷികളാണ് ഞായറാഴ്ച മാത്രം ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ സംസഥാനത്ത് ചത്തൊടുങ്ങിയ പക്ഷികളുടെ എണ്ണം 4,000 കവിഞ്ഞു. രാജസ്ഥാനിൽ 400 ഓളം പക്ഷികളും ചത്തിരുന്നു. പഞ്ചകുള ഫാമിൽ അസാധാരണമായി പക്ഷികൾ കൂട്ടമായി ചത്തത് ഹരിയാനയിലും ഭീതി ഉണർത്തിയിട്ടുണ്ട്. ഇവിടെ 1.6 ലക്ഷം പക്ഷികെള കൊന്നൊടുക്കാനാണ് സർക്കാർ തീരുമാനം. മൂന്ന്- നാല് ലക്ഷം പക്ഷികൾ ആഴ്ചകൾക്കിടെ രോഗം ബാധിച്ച് ചത്തതായാണ് കണക്ക്.
മനുഷ്യരിലേക്ക് പടരുമോ?
1996ൽ ആദ്യമായി ചൈനയിൽ പടർന്നുപിടിച്ച പക്ഷിപ്പനി വൈറസ് പല ഘട്ടങ്ങളിലായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലാണ് ആശങ്ക സൃഷ്ടിച്ചത്. ഇന്ത്യയിൽ 2006ലാണ് ആദ്യമായി രോഗം എത്തിയത്. രോഗം പടർത്തുന്ന എച്ച്5എൻ1 വൈറസ് 2006ൽ പക്ഷികളിൽനിന്ന് മനുഷ്യരിലേക്കും പടർന്നതിന് തെളിവുണ്ട്.
പക്ഷേ, പുതിയതായി റിപ്പോർട്ട് ചെയ്ത പക്ഷിപ്പനി ഇതുവരെയും മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധിതരായ പക്ഷികളിൽ 60 ശതമാനവും ചത്തൊടുങ്ങുമെന്നതിനാൽ കൂടുതൽ പകരാതിരിക്കാനാണ് കൂട്ടമായി രോഗസാധ്യതയുള്ളവയെ കൊന്നൊടുക്കുന്നത്. രോഗസാധ്യത മനുഷ്യരിൽ കുറവാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
കടുത്ത ജാഗ്രത
രാജ്യത്തുടനീളം അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് രോഗവ്യാപനം നിരീക്ഷിക്കാൻ കേന്ദ്രം നിർദേശംനൽകിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ പാർലമെൻററി യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.