ജകാർത്ത വിമാനാപകടം: പൈലറ്റ് ഡൽഹി സ്വദേശി
text_fieldsന്യൂഡൽഹി: ജകാർത്തയിൽ 188 യാത്രക്കാരുമായി കടലിൽ തകർന്നുവീണ വിമാനത്തിെൻറ പൈലറ്റ് ഡൽഹി സ്വദേശിയെന്ന് റിപ്പോർട്ട്. വിമാനത്തിെൻറ ക്യാപ്റ്റൻ ഭവ്യേ സുനേജ ഡൽഹി മയൂർ വിഹാർ സ്വദേശിയാണ്. 2011 മാർച്ചിലാണ് സുനേജ ഇന്തോനേഷ്യയുടെ ലയൺ എയറിൽ പൈലറ്റായി ജോലിക്കു ചേർന്നത്. 31 കാരനായ സുനേജ ബോയിങ് വിമാനങ്ങൾ പറത്തുന്നതിൽ പരിശീലനം നേടിയിരുന്ന വ്യക്തിയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലയൺ എയറിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിൽ ജോലി ചെയ്യാൻ സുനേജ തീരുമാനിച്ചിരുന്നു. പൈലറ്റായി ഏറെ കാലത്തെ പ്രവർത്തി പരിചയമുള്ള അദ്ദേഹത്തിെൻറ കരിയറിൽ ഒരപകടവും ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ എയർലൈൻസിലെ ജീവനക്കാരനായ സുഹൃത്ത് മാധ്യമങ്ങളോടു പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ജകാർത്തയിൽ നിന്നും പറന്നുയർന്ന ബോയിങ് 737 മാക്സ് 8 വിമാനം ടേക്ക് ഒാഫിന് തൊട്ടുപിറകെ തകർന്നു വീഴുകയായിരുന്നു. സുമാത്രയിലെ പങ്ക്കൽ പിനാങ് സിറ്റിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് ജാവ കടലിൽ തകർന്നു വീണത്. യാത്ര തുടങ്ങി 13 മിനുട്ടിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമായിരുന്നു. വിമാനം തീരത്തു നിന്നും ഏറെ അകലെ അല്ലാതെ കടലിൽ 30-40 മീറ്റർ താഴ്ച്ചയിലേക്കാണ് പതിച്ചിരിക്കുന്നതെന്ന് ഡിസാസ്റ്റർ ഏജൻസി അറിയിച്ചു.
വിമാനത്തിൽ 178 പ്രായപൂർത്തിയായ യാത്രികരും മൂന്നു കുട്ടികളും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.