മീൻകറിയിൽ താലിയം കലർത്തി നൽകി; ഭാര്യാമാതാവും സഹോദരിയും മരിച്ചു, ഭാര്യ അബോധാവസ്ഥയിൽ
text_fieldsന്യൂഡൽഹി: മീൻകറിയിൽ താലിയം കലർത്തി ഭാര്യയുടെ കുടുംബത്തിന് നൽകിയ 37കാരൻ അറസ്റ്റിൽ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ വരുൺ അറോറയാണ് അറസ്റ്റിലായത്.
വിഷം കലർത്തിയ മീൻകറി കഴിച്ച അറോറയുടെ ഭാര്യാസഹോദരിയും അമ്മായിയമ്മയും മരിച്ചു. വിഷം ഉള്ളിൽചെന്ന ഭാര്യ ദിവ്യ ഫെബ്രുവരി മുതൽ കോമയിൽ കഴിയുകയാണ്. ഭാര്യാമാതാവ് അനിത ശർമ, ഭാര്യാ സഹോദരി പ്രിയങ്ക എന്നിവരാണ് മരിച്ചത്. താലിയം ശരീരത്തിൽ പ്രവേശിച്ചാൽ വളരെ പതുക്കെ മാത്രമാകും മരണം സംഭവിക്കുക. മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.
മാർച്ച് 22ന് അനിത ശർമ താലിയം ഉള്ളിൽെചന്ന് മരിച്ചതായി സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരിയിൽ താലിയം ഉള്ളിൽ ചെന്നതിനെ തുടർന്ന് അനിത ശർമയുടെ മകൾ ദിവ്യ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. കൂടാതെ ബി.എൽ കപൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു മകൾ ഫെബ്രുവരി 15ന് ചികിത്സയിലിരിക്കെ മരിച്ചതായും കണ്ടെത്തി. ഇവരുടെ ശരീരത്തിൽ താലിയം ചെന്നതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ദിവ്യയുടെ പിതാവ് 62കാരനായ ദേവേന്ദ്ര മോഹൻ ശർമ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയിരുന്നു. താലിയം ശരീരത്തിലെത്തിയതിന്‍റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വരുൺ ജനുവരി അവസാനത്തോടെ വീട്ടിലെത്തുകയും മീൻകറി പാകം ചെയ്ത് കുടുംബത്തിന് നൽകിയതായും തെളിഞ്ഞു. കൂടാതെ വരുണിന്‍റെ വീട്ടിൽനിന്ന് പൊലീസ് താലിയവും കണ്ടെടുത്തു.
മാർച്ച് 23നാണ് െപാലീസ് വരുൺ അറോറയെ അറസ്റ്റ് ചെയ്യുന്നത്. ദേവേന്ദ്ര മോഹൻ ശർമ നൽകിയ പരാതിയിലാണ് അറസ്റ്റ്് അറോറയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ്ടോപ് കണ്ടുകെട്ടി. ഇന്‍റർനെറ്റിൽ താലിയത്തെക്കുറിച്ചും അതിന്‍റെ ഉപയോഗത്തെക്കുറിച്ചും അറോറ തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഓൺലൈനിൽ ഇയാൾ താലിയം വാങ്ങുകയും ചെയ്തിരുന്നു.
ഭാര്യയുടെ വീട്ടുകാർ നൽകിയ അപമാനത്തിന് മറുപടിയായാണ് താലിയം ഭക്ഷണത്തിൽ കലർത്തി നൽകിയതെന്ന് വരുൺ പൊലീസിന് മൊഴി നൽകി. വരുണിന്‍റെ പിതാവ് മരിച്ച അതേ സമയത്തുതന്നെ ദിവ്യ ഗർഭിണിയായിരുന്നു. പിതാവ് തന്‍റെ കുഞ്ഞിന്‍റെ രൂപത്തിൽ തിരിച്ചുവരുന്നതായും അയാൾ വിശ്വസിച്ചിരുന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ദിവ്യയുടെ ഗർഭം കുടുംബം അലസിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ വരുൺ എതിർപ്പ് രേഖപ്പെടുത്തി. ഇതാണ് ഭാര്യയുടെ കുടുംബത്തിനോട് വൈരാഗ്യം തോന്നാൻ കാരണമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.