കാറിടിച്ച് 10 മീറ്ററോളം വലിച്ചിഴച്ചു; ഡൽഹിയിൽ യുവാവിന് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ 45 കാരനെ കാറിടിച്ച് 10 മീറ്ററോളം വലിച്ചിഴച്ച ശേഷം കൊലപ്പെടുത്തി. ഈ മാസം നാലിനു നടന്ന സംഭവം ഇന്നാണ് വാർത്തയായത്. സംഭവത്തിനുശേഷം കാർ ഡ്രൈവർ ശിവം ദുബെ ഓടി രക്ഷപ്പെട്ടെങ്കിലും പിറ്റേ ദിവസം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് സ്വദേശിയായ ദുബെ ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു സുഹൃത്തിൽനിന്ന് കൊണാട്ട് പ്ലേസിലെ ഒരാളെ കാണാൻ കാർ കടം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തിരികെ വരുന്നതിനിടെ കൊണാട്ട് പ്ലേസിലെ ബരാഖംബ റേഡിയൽ റോഡിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭവനരഹിതനായ ലേഖ്‌രാജിനെ ദുബെ ഇടിക്കുകയായിരുന്നു. ലേഖ്‌രാജ് കാറിന്റെ ചക്രത്തിനടിയിൽ കുടുങ്ങിയെന്നും എന്നാൽ ദുബെ വാഹനം ഓടിച്ചുകൊണ്ടിരുന്നെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 10 മീറ്ററോളം വലിച്ചിഴച്ച ശേഷം ഇയാളെ റോഡിൽ ഉപേക്ഷിച്ച് ദുബെ ഓടി രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിനുശേഷം ദുബെ തന്റെ സുഹൃത്തിന് കാർ തിരികെ കൈമാറിയതായി പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിനെയും ഉടമയെയും കണ്ടെത്തി. തുടർന്ന്, ദുബെയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സൻഹിതയുടെ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തതായി പൊലീസ് ഓഫിസർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഈ വർഷം മെയ് 15വരെ ദേശീയ തലസ്ഥാനത്ത് 511അപകടങ്ങളിൽ 518 പേർ മരിച്ചതായി ഡൽഹി പൊലീസിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 552 അപകടങ്ങളിൽ നിന്ന് 544 ആയി നേരിയ കുറവ് വന്നിട്ടുണ്ട്. റിംഗ് റോഡ്, ഔട്ടർ റിംഗ് റോഡ്, ജി.ടി കർണാൽ റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായതെന്ന് പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.