കർഷകരുടെ ഡൽഹി മാർച്ച്: സംഘർഷത്തിൽ ആറു പേരുടെ നില ഗുരുതരം, 10 പേർക്ക് പരിക്ക്, പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകാഞ്ഞതോടെ പുനരാരംഭിച്ച പഞ്ചാബിലെ കർഷകരുടെ ഡൽഹി മാർച്ചിൽ സംഘർഷം. മാർച്ച് ഹരിയാണ പോലീസ് ശംഭു അതിർത്തിയിൽ വീണ്ടും തടഞ്ഞു. ഫെബ്രുവരിമുതൽ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കർഷകരെ കോൺക്രീറ്റ് വേലി കെട്ടിയും കേന്ദ്രസേനകളെ വിന്യസിച്ചുമാണ് പോലീസ് എതിരിട്ടത്. യുദ്ധസമാന സാഹചര്യമായതിനാൽ കർഷകർ തത്‌കാലം മാർച്ച് നിർത്തി. തുടർനീക്കം തിങ്കളാഴ്ച തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വെള്ളിയാഴ്ചത്തേതുപോലെ 101 പേരുടെ സംഘമാണ് ഞായറാഴ്ചയും കാൽനടയായി മാർച്ച് നടത്തിയത്. അനുമതിയില്ലാത്തതിനാൽ കടത്തിവിടാനാകില്ലെന്ന് പോലീസ് പറഞ്ഞു. കർഷകരാണെന്നതിന് തെളിവുണ്ടോയെന്ന് ചോദിച്ചത് തർക്കത്തിനിടയാക്കി. സ്ഥിതി സംഘർഷഭരിതമായതോടെ കണ്ണീർവാതകഷെൽ പ്രയോഗിച്ചു. ഉച്ചമുതൽ വൈകീട്ടുവരെ ഈ നില തുടർന്നതോടെയാണ് മാർച്ച് നിർത്തിയത്.
10 പേർക്ക് പരിക്കേറ്റതായും ആറ് പേരുടെ നില ഗുരുതരമാണെന്നും സമരനേതാവ് സർവൻ സിങ് പന്ദേർ പറഞ്ഞു. പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഖനോരി അതിർത്തിയിൽ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ അനിശ്ചിതകാല നിരാഹാര സമരം ഞായറാഴ്ച 13 ദിവസം പിന്നിട്ടു.
കർഷകർ സമരം കടുപ്പിച്ചതോടെ ഖനോരിയിലും ശംഭുവിലും പോലീസ് സുരക്ഷ ശക്തമാക്കി. ശംഭുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് മേഖലയിലാകെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി. ഡൽഹിയുടെ അതിർത്തികളിലും സുരക്ഷ കൂട്ടി. വായ്പയിളവും താങ്ങുവിലയ്ക്ക് നിയമപരിരക്ഷയുമടക്കമാണ് കർഷകാവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.