നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ടില്ലെന്ന് സുപ്രീംകോടതി; ഡൽഹി മേയർ തെരഞ്ഞെടുപ്പ് വീണ്ടും മാറ്റി
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ടവകാശം നൽകിയതിനെതിരെ ആം ആദ്മി പാർട്ടി (എ.എ.പി) മേയർ സ്ഥാനാർഥി ഷെല്ലി ഒബ്രോയ് നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഭരണഘടന ചട്ടങ്ങളിൽ ഇക്കാര്യം വളരെ വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി 17ലേക്ക് മാറ്റി. തുടർന്ന്, മേയർ തെരഞ്ഞെടുപ്പ് 17ന് ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് നീട്ടിവെച്ചതായി ലഫ്റ്റനന്റ് ഗവർണർക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജയ്ൻ കോടതിയെ അറിയിച്ചു.
മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രത്യേകം പ്രത്യേകമായി നടത്തണമെന്നും എ.എ.പി അംഗം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. മേയർ തെരഞ്ഞെടുപ്പിനായി മൂന്നുതവണ യോഗം വിളിച്ചെങ്കിലും വോട്ടെടുപ്പ് നടത്താനായില്ലെന്ന് എ.എ.പിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം. സിങ് വി കോടതിയെ അറിയിച്ചു. മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അംഗങ്ങൾ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തണമെന്ന് പ്രോടേം പ്രിസൈഡിങ് ഓഫിസർ നിർബന്ധിക്കുന്നതടക്കം നിരവധി എതിർപ്പുകൾ തങ്ങൾക്കുണ്ടെന്നും ഇത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നിയമത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനിസിപ്പൽ കോർപറേഷനിൽ 250 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 134 സീറ്റുമായി എ.എ.പി ഭൂരിപക്ഷം നേടിയിരുന്നു. ബി.ജെ.പിക്ക് 104 സീറ്റാണ് ലഭിച്ചത്. 15 വർഷം തുടർച്ചയായി കോർപറേഷൻ ഭരിച്ച ബി.ജെ.പിക്ക് കനത്ത പ്രഹരമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് ഫലത്തെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളിലൂടെ അട്ടിമറിക്കാനാണ് ബി.ജെ.പി നീക്കമെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.