ഡൽഹി: ബി.ജെ.പി 5 സീറ്റിലും എ.എ.പി 3 സീറ്റിലും വിജയിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എട്ടുസീറ്റുകളിലെ ഫലം പുറത്തുവന്നു. ബി.ജെ.പി 5 സീറ്റിലും എ.എ.പി 3 സീറ്റിലും വിജയിച്ചു.
ദരിയഗഞ്ച് വാർഡിൽ ബി.ജെ.പിയുടെ ലളിത് ഭാംബ്രിയെ തോൽപിച്ച് എ.എ.പിയുടെ സരിക ചൗധരിയാണ് വിജയിച്ചത്. മോഹൻ ഗാർഡൻ വാർഡിൽ ബി.ജെ.പിയുടെ ശ്യാം കുമാർ മിശ്ര ജയം കൈവരിച്ചു.
കോർപറേഷനിലെ 250 വാർഡുകളിൽ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 124 സീറ്റിൽ എ.എ.പിയും 112 സീറ്റിൽ ബി.ജെ.പിയുമാണ് മുന്നിട്ട് നിൽക്കുന്നത്. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
നേരത്തെ 132 സീറ്റിൽ ബി.ജെ.പി ലീഡ് ചെയ്തിരുന്നു. എ.എ.പി 112 സീറ്റിലായിരുന്നു ആദ്യമണിക്കൂറിൽ മുന്നിൽനിന്നത്. കോൺഗ്രസ് 10 സീറ്റിൽ മുന്നിട്ടുനിൽക്കുന്നുണ്ട്.
സംഗം വിഹാറിൽ എ.എ.പിയുടെ പങ്കജ് ഗുപ്ത, സക്കീർ നഗറിൽ എ.എ.പിയുടെ സൽമ ഖാൻ, സീലംപൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മുംതാസ്, കരോൾ ബാഗിൽ ബി.ജെ.പി സ്ഥാനാർഥി ഉഷ എന്നിവർ ലീഡ് ചെയ്യുന്നു.
2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബി.ജെ.പിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്.
ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.