ഡൽഹി മെട്രോ സർവീസ് പുനരാരംഭിച്ചു; തലസ്ഥാനത്ത് സുരക്ഷ കർശനമാക്കി
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിയിൽ സമഘർഷമുണ്ടായതിനെ തുടർന്ന് രാജ്യ തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുരക്ഷ കർശനമാക്കി.
കർഷക പ്രതിഷേധം നടക്കുന്ന സിംഘു അതിർത്തിക്കടുത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗാസിയാബാദിലേക്കോ തിരിച്ചോ യാത്ര ചെയ്യേണ്ടവർ ജാഗ്രത പാലിക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് പറയുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എൻ.എച്ച് -9, എൻ.എച്ച് -24 എന്നിവയിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച ഈ ഹൈവേ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വളരെയധികം പ്രശ്‌നങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാലാണ് നടപടി.
ഗാസിപൂർ മണ്ഡിയിലൂടെയുള്ള യാത്രക്കും വിലക്കുണ്ട്. ഡൽഹിയിൽ നിന്ന് ഗാസിയാബാദിലേക്ക് പോകേണ്ടവർ ഷാഹ്ദാര, കർക്കാരി മോർ, ഡി.എൻ.ഡി എന്നിവ വഴി പോകണം. ഗാസിയാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടവർ ആനന്ദ് വിഹാർ വഴി പോകണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.
അതേസമയം, ലാൽ ക്വില മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനുമായ ഗേറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. ജമാ മസ്ജിദ് മെട്രോ സ്റ്റേഷന്‍റെ പ്രവേശന കവാടങ്ങളും അടച്ചിട്ടുണ്ടെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അറിയിച്ചു.
"മറ്റെല്ലാ സ്റ്റേഷനുകളും തുറന്നിരിക്കുകയാണ്. എല്ലാ ലൈനുകളിലും സാധാരണ സർവീസുകൾ നടക്കുന്നുണ്ട്. സാകേത് സ്റ്റേഷനിലെ ശരാശരി കാത്തിരിപ്പ് സമയം 35 മിനിറ്റാണ്. യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിൽ കാത്തിരിപ്പ് സമയം അതിനനുസരിച്ച് അറിയിക്കുമെന്നും ഡി.എം.ആർ.സി അറിയിച്ചു.
ഡൽഹിയിലെ സംഘർഷത്തിൽ 83 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസ് അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ റാലിയിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുകയും ഒരു കൂട്ടം പ്രതിഷേധക്കാർ ചെങ്കോട്ടയിൽ കയറി കൊടി ഉയർത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച കനത്ത സുരക്ഷാ വിന്യാസമാണ് ചെങ്കോട്ടയിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.