'ഓക്സിജൻ ക്ഷാമമില്ലെന്നാണ് അന്ന് പറഞ്ഞത്' ; കൽക്കരി വിഷയത്തിൽ വിമർശനവുമായി മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുന്പ് കോവിഡ് രണ്ടാം തരംഗ കാലത്ത് ഒാക്സിജൻ ക്ഷാമമുണ്ടെന്ന് ഡൽഹി സർക്കാർ പറഞ്ഞപ്പോൾ അത്തരം പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. കൽക്കരിയുടെ സ്ഥിതിയും അതിന് സമാനമാണെന്നും മനീഷ് സിസോദിയ പറഞ്ഞു.
ഊർജ പ്രതിസന്ധിക്ക് നേരെ കേന്ദ്രം കണ്ണടക്കുകയാണ്. കൽക്കരിക്ഷാമം മൂലം പവർ കട്ടിലേക്ക് പോകുമെന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് സിസോദിയ വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും കൽക്കരി ക്ഷാമമുണ്ടെന്ന തരത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നുമാണ് കേന്ദ്ര ഊർജമന്ത്രി ആർ.പി.സിങ് വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു മനീഷ് സിസോദിയയുടെ വിമർശനം.
ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനത്തിനും കൽക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. ഗുജറാത്ത്, പഞ്ചാബ്, രജസ്ഥാൻ, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപനിലങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമായെന്നാണ് റിപ്പോർട്ട്.
കൽക്കരിക്ഷാമം മൂലം താപവൈദ്യുതനിലയങ്ങളിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തും പവർകട്ട് വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.