സത്യേന്ദർ ജെയിനും മുൻ തിഹാർ ജയിൽ ഡി.ജിയും ഭീഷണിപ്പെടുത്തുന്നു -സുകേഷ് ചന്ദ്രശേഖർ
text_fieldsന്യൂഡൽഹി: ഡൽഹി മന്ത്രി സത്യേന്ദർ ജെയിനും മുൻ തിഹാർ ജയിൽ ഡയറക്ടർ ജനറലും ഭീഷണിപ്പെടുത്തുന്നുവെന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ. ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് നൽകിയ പരാതി പരസ്യമായതിനെ തുടർന്നാണ് ഭീഷണിയെന്നും സുകേഷ് ചന്ദ്രശേഖർ അഭിഭാഷകന് എഴുതിയ കത്തിൽ പറയുന്നു.
നേരത്തെ, ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനും മന്ത്രി സത്യേന്ദർ ജയിനിനുമെതിരെ കോടികൾ വാങ്ങിയെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സുകേഷ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കത്തെഴുതിയിരുന്നു. കെജ്രിവാൾ പാർട്ടിയിലേക്ക് 20-30 ആളുകളെ കൊണ്ടുവരാനും അവരിൽ നിന്ന് 500 കോടി വാങ്ങി പകരം സീറ്റുകൾ നൽകാനും നിർബന്ധിച്ചു, തന്നിൽ നിന്ന് 50 കോടി രൂപ വാങ്ങി പകരം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉണ്ടായിരുന്നത്.
2015 മുതൽ തനിക്ക് സേത്യന്ദർ ജെയിനിനെ അറിയാമെന്ന് സുകേഷ് പറയുന്നു. എ.എ.പി ക്ക് 50 കോടി രൂപ നൽകിയിട്ടുണ്ട്. പകരം തെക്കേഇന്ത്യയിൽ പാർട്ടിയുടെ പ്രധാന സ്ഥാനം നൽകാമെന്നും ഭാവിയിൽ രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തു. 2017 തന്റെ അറസ്റ്റിന് ശേഷം തിഹാർ ജയിലിലാണ് കഴിയുന്നത്. തന്നെ കാണാൻ സത്യേന്ദർ ജെയിൻ ജയിലിൽ വന്നു. എ.എ.പിക്ക് നൽകിയ സംഭാവന സംബന്ധിച്ച് എന്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയോ എന്ന് പല തവണ ചോദിച്ചു.
തുടർന്ന് 2019ൽ ജെയിനും സെക്രട്ടറിയും അടുത്ത സുഹൃത്ത് സുശീലും തന്നെ സന്ദർശിച്ചു. എല്ലാ മാസവും രണ്ടു കോടി രൂപ വീതം അദ്ദേഹത്തിന് നൽകാൻ ആവശ്യപ്പെട്ടു. ജയിലിൽ തന്റെ സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു പകരം വാഗ്ദാനം. കൂടാതെ ജയിൽ ഡി.ജി സന്ദീപ് ഗോയലിന് 1.5 കോടി രൂപ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. നിരന്തര നിർബന്ധം മൂലം രണ്ട് മൂന്ന് മാസം താൻ പണം നൽകി. ആകെ 10 കോടി രൂപ ഇങ്ങനെ നൽകിയെന്നും സുകേഷ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. പണമെല്ലാം അദ്ദേഹത്തിന്റെ അനുയായി ചതുർവേദി കൊൽക്കത്തിയിൽ നിന്ന് കൈപ്പറ്റുമായിരുന്നു. 12.50 കോടി ജയിൽ ഡി.ജി സന്ദീപ് ഗോയലിനും നൽകിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് സുകേഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുന്നത്. ആരോപണം പുറത്തു വന്നതോടെ, തിഹാർ ജയിലിന്റെ ജയിൽ ഡി.ജി സ്ഥാനത്തു നിന്ന് സന്ദീപ് ഗോയലിനെ നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.