ചീഫ് സെക്രട്ടറി 'തിരക്കിൽ'; ഡൽഹിയിൽ മന്ത്രി രാത്രി 9.30 വരെ കാത്തിരുന്നിട്ടും യോഗം നടന്നില്ല
text_fieldsന്യൂഡൽഹി: 'തിരക്കൊഴിഞ്ഞ്'ചീഫ് സെക്രട്ടറി എത്താത്തതിനാൽ ഡൽഹിയിൽ മന്ത്രി രാത്രി 9.30 വരെ കാത്തിരുന്നിട്ടും നിർണായക യോഗം നടന്നില്ലല്ല. സേവന മേഖലയുമായി ബന്ധപ്പെട്ട ഡൽഹി സർക്കാരിന്റെ സമീപകാല നിർദേശങ്ങൾ പരിഗണിക്കാനുള്ള സിവിൽ സർവീസസ് ബോർഡിന്റെ (സി.എ.സ്ബി) പ്രധാന യോഗമാണ് ചീഫ് സെക്രട്ടറി ഹാജറാവാത്തതിനാൽ വൈകിയത്.
ഡൽഹി സർവീസ് മന്ത്രി സൗരഭ് ഭരദ്വാജ് രാത്രി 9.30 വരെ യോഗത്തിനായി കാത്തിരുന്നെങ്കിലും ചീഫ് സെക്രട്ടറി നരേഷ് കുമാർ ദിവസം മുഴുവനും 'തിരക്കിലാവുകയായിരുന്നു'.
ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണവും നിയമനവും സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കത്തിൽ എ.എ.പി സർക്കാരിന് അനുകൂലമായ സുപ്രധാനമായ സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ബോർഡിന്റെ ആദ്യ യോഗമായിരുന്നു ഇത്. ക്രമ സമാധാനം, പൊലീസ്, ഭൂമി ഒഴികെ സേവനങ്ങളുടെ നടത്തിപ്പിൽ ഡൽഹി സർക്കാരിന് നിയമനിർമാണ, എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്നു സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. ബോർഡിലെ മറ്റ് രണ്ട് അംഗങ്ങളും ഭരദ്വാജിനൊപ്പം വൈകുന്നേരം വരെ യോഗത്തിനായി കാത്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരു ജനാധിപത്യ ഭരണത്തിൽ, ഭരണത്തിന്റെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ അധിഷ്ഠിതമായിരിക്കണമെന്നും അതിന്റെ തീരുമാനത്തിന് ലഫ്റ്റനന്റ് ഗവർണർ അതുമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വിധി വന്ന് മണിക്കൂറുകൾക്കകം ഐ.എ.എസ് ഉദ്യോഗസ്ഥൻ ആശിഷ് മോറെ സേവന വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പകരം എ.കെ സിങ്ങിനെ നിയമിക്കാനും ഉത്തരവിട്ടിരുന്നു. രണ്ട് ഉത്തരവുകളും ഇതുവരെ നടപ്പാക്കിയിട്ടില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്നതിനും സത്യസന്ധരും കഠിനാധ്വാനികളുമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലംമാറ്റങ്ങൾ ഉണ്ടാകുമെന്ന് വിധിക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.