ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കാൻ നടപടിയെടുക്കണം; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി
text_fieldsന്യൂഡൽഹി: വായുമലിനീകരണത്താൽ വലയുന്ന ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായി കേന്ദ്ര സർക്കാറിന് കത്ത് നൽകി. കൃത്രിമമഴ പെയ്യിക്കുന്നതിലൂടെ വായുമലിനീകരണത്തിന്‍റെ രൂക്ഷാവസ്ഥയിൽ അയവുണ്ടാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
'ഉത്തരേന്ത്യയാകെ പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്. കൃത്രിമമഴ മാത്രമാണ് ഇപ്പോൾ ഈ പ്രതിസന്ധി മറികടക്കാനുള്ള മാർഗ്ഗം. ഇതൊരു ആരോഗ്യ അടിയന്തരാവസ്ഥയാണ്' - മന്ത്രി ഗോപാൽ റായി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ നാല് കത്തുകൾ കേന്ദ്രത്തിന് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകണം. ഒന്നുകിൽ മറ്റൊരു പരിഹാരം നിർദേശിക്കണം അല്ലെങ്കിൽ കൃത്രിമമഴ പെയ്യിക്കണം -അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ വായു മലിനീകരണം അത്യധികം അപകടകരമായ തോതിലേക്ക് ഉയർന്നിരിക്കുകയാണ്. നിലവിൽ വായു ഗുണനിലവാര സൂചിക 494 ആയി ഉയർന്നിരിക്കുകയാണ്. ഇത് സീസണിലെ ഏറ്റവും ഉയർന്ന നിരക്കാണ്. പൊതുമേഖലാ പദ്ധതികളുടെ നിർമാണം പൂർണമായും നിലച്ചു. പലയിടത്തും കട്ടിയുള്ള പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്.
കർശനമായ നിയന്ത്രണങ്ങൾ ഡൽഹിയിൽ നിലവിലുണ്ട്. അനുമതി വാങ്ങാതെ നിയന്ത്രണങ്ങൾ നീക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുമുണ്ട്. ഡൽഹിയിലേക്ക് അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നവയോ എൽ.എൻ.ജി, സി.എൻ.ജി, ഇലക്‌ട്രിക് ഇന്ധനം ഉപയോഗിക്കുന്നവയോ ഒഴികെയുള്ള ട്രക്കുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള അത്യാവശ്യമല്ലാത്ത ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ നഗരത്തിൽ കടക്കുന്നത് നിരോധിച്ചു. അന്തരീക്ഷ മലിനീകരണം കാരണം 22 ട്രെയിനുകൾ വൈകിയതായും ഒമ്പത് ട്രെയിനുകൾ പുനഃക്രമീകരിച്ചതായും റെയിൽവേ അറിയിച്ചു.
സ്കൂളുകളും ഡൽഹി സർവകലാശാലയും അടച്ചിരിക്കുകയാണ്. നവംബർ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് ഡൽഹി സർവകലാശാല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.