ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാറിലെ നെടുംതൂണുകളായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ എന്നിവർ രാജിവെച്ചു. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ഞായറാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്ത സിസോദിയയും കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മാസങ്ങൾക്കുമുമ്പ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത സത്യേന്ദർ ജെയിനും തിങ്കളാഴ്ച വൈകുന്നേരമാണ് രാജി സമർപ്പിച്ചത്. ഇരുവരുടെയും രാജി കെജ്രിവാൾ സ്വീകരിച്ചു.
പുതിയ മന്ത്രിമാരുണ്ടാകില്ല. സിസോദിയയുടെ വകുപ്പുകൾ കൈലാഷ് ഗെഹ്ലോട്ടും ജെയിന്‍റെ വകുപ്പുകൾ ആർ.കെ. ആനന്ദും കൈകാര്യം ചെയ്യും. തെറ്റ് അംഗീകരിച്ചു കൊണ്ടല്ല മന്ത്രിമാരുടെ രാജിയെന്നും ഭരണപരമായ നീക്കം മാത്രമാണെന്നുമാണ് പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിയുടെ പ്രതികരണം.
കെജ്രിവാളിനൊപ്പം ആംആദ്മി പാർട്ടി രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചവരാണ് ഇരുവരും. പഞ്ചാബിലെ മിന്നും വിജയത്തിനുപിന്നാലെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടി ചുവടുവെപ്പ് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് സിസോദിയയെ അഴിക്കുള്ളിലാക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ സമയത്ത് സിസോദിയയെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണവും ആരംഭിച്ചു. സി.ബി.ഐ അദ്ദേഹത്തിന്‍റ വസതിയിൽ 30 മണിക്കൂർ റെയ്ഡ് നടത്തി. കേസിൽ മൂന്ന് മാസം മുമ്പ് സി.ബി.ഐ നൽകിയ കുറ്റപത്രത്തൽ സിസോദിയയുടെ പേര് പ്രതിയായി ഉൾപ്പെട്ടിരുന്നില്ല.
എ.എ.പി സർക്കാരിൽ 18 വകുപ്പുകൾ വഹിച്ചിരുന്ന ആളാണ് മനീഷ് സിസോദിയ. മദ്യനയ കേസിൽ എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഞായറാഴ്ചയാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇപ്പോൾ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലാണ് സിസോദിയ. 2022 മെയ് 30നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയും മന്ത്രിസ്ഥാനത്ത് തുടരുകയായിരുന്നു ജെയിൻ.
2015ൽ എ.എ.പി അധികാരത്തിൽ വന്നത് മുതൽ പ്രധാനപ്പെട്ട വകുപ്പുകൾ വഹിച്ചിരുന്ന നേതാക്കളാണ് മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാർ തുടരുന്നത് ആം ആദ്മിയുടെ പ്രതിച്ഛായക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് റിപ്പോർട്ട്.
അറസ്റ്റ് ചോദ്യം ചെയ്ത് മനീഷ് സിസോദിയ സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ സുപ്രീംകോടതി ഇന്ന് വിസമ്മതിച്ചതിരുന്നു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്, ഹൈകോടതിയെ സമീപിക്കാനും നിർദേശിച്ചു. നിലവിൽ അറസ്റ്റിൽ സുപ്രീംകോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. നിയമ വിരുദ്ധമായാണ് സി.ബി.ഐയുടെ അറസ്റ്റും നടപടികളുമെന്നും ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു. ഇതോടെ ഇന്ന് വൈകീട്ട് 3.50ന് ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.