രാജ്യത്ത് 228 നഗരങ്ങളിൽ ഉയർന്ന മലിനീകരണം
text_fieldsന്യൂഡൽഹി: മനുഷ്യന് വിശ്വസിച്ച് ശ്വസിക്കാൻ താരതമ്യേന നല്ല വായുവുള്ളത് കേരളത്തിൽതന്നെ. അതേസമയം, ഇന്ത്യയിലെ 228 നഗരങ്ങളിലും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) നിഷ്കർഷിച്ച അളവിലുമപ്പുറമാണ് വായു മലിനീകരണത്തിെൻറ തോത്. സുപ്രീംകോടതി ഇടപെടലുണ്ടായിട്ടും തലസ്ഥാനമായ ഡൽഹിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. തൊട്ടുപിന്നിൽ ഫരീദാബാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി വായു മലിനീകരണത്തിൽ അഞ്ചാം സ്ഥാനത്തുണ്ട്. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിെൻറ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
വായുവിലുള്ള പി.എം10 തോത് അളക്കാൻ സി.പി.സി.ബി രാജ്യത്തുടനീളം സ്ഥാപിച്ച സ്റ്റേഷനുകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ 2016ലെ ‘എയർപോകാലിപ്സ്- രണ്ട്’ റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവിട്ടു. അന്തരീക്ഷവായുവിലെ പൊടിപടലങ്ങളുടെ അളവിനെ കുറിക്കുന്നതാണ് പി.എം10. പത്ത് മൈക്രോണിൽ താഴെ വ്യാസമുള്ള പി.എം10 മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ കഴിയുന്നവയാണ്.
കേരളത്തിൽ 14 നഗരങ്ങളിലെയും പട്ടണങ്ങളിലെയും അന്തരീക്ഷ വായുവിെൻറ മലിനീകരണ തോതാണ് പരിശോധിച്ചത്. ഇവിടെയെല്ലാം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ച അളവിനേക്കാൾ കുറഞ്ഞ തോതിലാണ് മാലിന്യകണികകൾ. 2015ലെയും 2016ലെയും തോതുകൾ തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലെങ്കിലും കൊച്ചി, തൃശൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ചെറിയ അളവിൽ വർധനയുണ്ട്. ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽ 2015നേക്കാൾ മലിനീകരണ തോത് കുറയുകയും ചെയ്തു. എന്നാൽ, ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച തോതിനേക്കാൾ കൂടുതലാണ് 14 നഗരങ്ങളിലെയും പി.എം10 കണികകളുടെ തോത്.
ദേശീയതലത്തിൽ പഠനം നടത്തിയ 280 നഗരങ്ങളിൽ 228ലും മനുഷ്യശരീരത്തിനും പരിസ്ഥിതിക്കും അനുയോജ്യമായ അന്തരീക്ഷ വായുവല്ല. 55 കോടി ജനങ്ങളെ ഇത് ബാധിക്കും. അഞ്ചു വയസ്സിന് താഴെയുള്ള 4.70 കോടി കുട്ടികൾ ദേശീയ ശരാശരിയേക്കാൾ തോത് കൂടുതലുള്ള പ്രദേശങ്ങളിലും 1.70 കോടി കുട്ടികൾ ഇരട്ടി മലിനീകരണമുള്ള ഇടങ്ങളിലുമാണ് കഴിയുന്നത്. കൂടാതെ, 58 കോടി ജനങ്ങൾ (5.90 കോടി കുട്ടികൾ ഉൾപ്പെടെ) താമസിക്കുന്ന ജില്ലകളിൽ വായു മലിനീകരണം കണക്കാക്കാനുള്ള സ്ഥിതിവിവരക്കണക്കുകൾതന്നെ ലഭ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.
ലോക രാജ്യങ്ങളുമായി തുലനംചെയ്യുേമ്പാഴും ഇന്ത്യയുടെ സ്ഥിതി ഭീതിജനകമാണ്. ചൈനയിൽ 2011നുശേഷം മലിനീകരണ തോത് കുറയുകയാണ്. 2015 ഏറ്റവും നല്ല വർഷമായാണ് കണക്കാക്കിയത്. എന്നാൽ, ഇന്ത്യയിൽ കഴിഞ്ഞ 10 വർഷമായി വർധിക്കുകയാണ് മലിനീകരണ തോത്.
ഡൽഹി, ഫരീദാബാദ്, ഭീവണ്ടി, ഡെറാഡുൺ, വാരാണസി, പട്ന നഗരങ്ങളാണ് ഏറ്റവുമധികം വായുമലിനീകരണം രേഖപ്പെടുത്തിയത്. വിവരാവകാശ നിയമം, സർക്കാർ വെബ്സൈറ്റുകൾ, വാർഷിക റിപ്പോർട്ടുകൾ എന്നിവയിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.