ഡൽഹി മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എ.എ.പി-ബി.ജെ.പി ഏറ്റുമുട്ടൽ; ഇന്ന് പുലർച്ചെയും തുടർന്ന വോട്ടെടുപ്പ് നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എ.എ.പി-ബി.ജെ.പി ഏറ്റുമുട്ടൽ. സ്റ്റാൻഡിങ് കമ്മിറ്റിയിലെ ആറംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. ഇരുവിഭാഗം കൗൺസിലർമാർ ബാലറ്റ് പെട്ടി എടുത്തെറിഞ്ഞു. ഡയസിൽ നിന്നും പോഡിയം മറിച്ചിട്ടു. സംഘർഷത്തെ തുടർന്ന് മൂന്നു തവണയാണ് കൗൺസിൽ യോഗം നിർത്തിവെച്ചത്. ഇന്ന് പുലർച്ചെയും തുടർന്ന തെരഞ്ഞെടുപ്പ് സംഘർഷത്തെ തുടർന്ന് വീണ്ടും ഒരു മണിക്കൂർ നിർത്തിവെച്ചു.
ഇന്നലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കാൻ വൈകിയതിൽ പ്രതിഷേധവുമായി ബി.ജെ.പി അംഗങ്ങൾ രംഗത്തു വന്നിരുന്നു. വൈകീട്ട് ഏഴു മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. ഒമ്പത് മണിയോടെ ആദ്യ സെറ്റ് ബാലറ്റ് പേപ്പർ നൽകി വോട്ടെടുപ്പ് തുടങ്ങിയത്. ഈ സമയത്ത് ആം ആദ്മി പാർട്ടി അംഗങ്ങളുടെ കൈവശമുള്ള ഫോണുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സംഘർഷത്തിന് തുടക്കമായത്. വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാലറ്റ് പേപ്പറിന്‍റെ ചിത്രം പകർത്തിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ബുധനാഴ്ച രാവിലെ നടന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്ത്രങ്ങൾ മറികടന്ന് ആം ആദ്മി പാർട്ടി പ്രതിനിധികൾ വിജയിച്ചിരുന്നു. ആപ്പിന്റെ ഷെല്ലി ഒബ്രോയി മേയറായും ആലെ മുഹമ്മദ് ഇഖ്ബാൽ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്രോയി ഡല്‍ഹി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു.
ഡിസംബറിലാണ് ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനുശേഷം മൂന്നുതവണ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ ഇടപെടലിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു.
മേയറെ തെരഞ്ഞെടുക്കാൻ ജനുവരി ആറിനും 24നും ഫെബ്രുവരി ആദ്യത്തിലും കൗൺസിൽ യോഗം ചേർന്നെങ്കിലും ബഹളത്തെ തുടർന്ന് പിരിയുകയായിരുന്നു. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്ന നിലപാടിലൂടെ ഭരണം പിടിക്കാനുള്ള ബി.ജെ.പി ശ്രമമാണ് വിലങ്ങുതടിയായത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് മേയറെ തെരഞ്ഞെടുപ്പ് സുഗമമായത്. ഇതിന് പിന്നാലെയാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
250 അംഗ കോർപറേഷനിൽ 134 കൗൺസിലർമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ബി.ജെ.പിക്ക് 105 അംഗങ്ങളും. സ്വതന്ത്രനായി വിജയിച്ച ഒരാൾ ബി.ജെ.പിയിൽ ചേർന്നതോടെയാണ് അംഗങ്ങൾ 105 ആയത്. കോൺഗ്രസിന് എട്ട് കൗൺസിലർമാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.