ജഹാംഗീർപുരി ഘോഷയാത്ര തടയാതിരുന്ന ഡൽഹി പൊലീസിന് കോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: ജഹാംഗീർപുരിയിൽ കഴിഞ്ഞമാസം രാമനവമി ദിനത്തിൽ നടന്ന അനധികൃത ഘോഷയാത്ര തടയാതിരുന്നതിന് ഡൽഹി പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം. വീഴ്ച വരുത്തിയത് ആരെന്നു കണ്ടെത്താൻ പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചു.
സംഘർഷത്തിൽ ഉൾപ്പെട്ട എട്ടുപേർക്ക് കോടതി ജാമ്യം നിഷേധിച്ചു. ക്രിമിനലുകളായ ഇവരെ വിട്ടയച്ചാൽ സാക്ഷികളെ ദ്രോഹിക്കുമെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രം ഇനിയും സമർപ്പിച്ചിട്ടില്ല. ഇവർക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും കോടതി പറഞ്ഞു. ഇംതിയാസ്, നൂർ ആലം, ശൈഖ് ഹാമിദ് തുടങ്ങിയവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
എട്ടു പൊലീസുകാർ അടക്കം നിരവധി പേർക്ക് പരിക്കേറ്റ സംഘർഷത്തെ തുടർന്ന് എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഘോഷയാത്രക്ക് അനുമതി നൽകിയിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി. പൊലീസ് നോക്കിനിൽക്കേയാണ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. അനുമതിയില്ലാത്ത ഘോഷയാത്ര തടഞ്ഞ് ആളുകളെ പിരിച്ചുവിടുന്നതിനു പകരം, അകമ്പടി സേവിക്കുകയാണ് പൊലീസ് ചെയ്തതെന്ന് അഡീ. സെഷൻസ് ജഡ്ജി ഗഗൻദീപ് സിങ് നിരീക്ഷിച്ചു.
ഇൻസ്പെക്ടർ രാജീവ് രഞ്ജനും മറ്റുള്ളവരും ഘോഷയാത്രക്കൊപ്പം പോവുകയാണ് ചെയ്തതെന്ന് എഫ്.ഐ.ആറിൽ തന്നെ വ്യക്തമാണ്. പൊലീസിന്‍റെ വലിയ വീഴ്ച പ്രഥമദൃഷ്ട്യാ പ്രകടം. എന്നാൽ, ഈ വിഷയം മുതിർന്ന ഓഫിസർമാർ കണ്ടില്ലെന്നു നടിച്ചതായി കോടതി പറഞ്ഞു. സ്ഥിതി മോശമാകാതെ നോക്കുന്നതിന് മതിയായ പൊലീസുകാരെ നിയോഗിച്ചിരുന്നെന്ന് മുതിർന്ന പൊലീസ് ഓഫിസർ ദീപേന്ദ്ര പഥക് വിശദീകരിച്ചിരുന്നു.
രാമനവമി ഘോഷയാത്ര സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെയാണ് നഗരസഭ അധികൃതർ സുപ്രീംകോടതി വിധി അട്ടിമറിച്ച് കുറെ ഭാഗം ഇടിച്ചുനിരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.