രാജ്മോഹൻ ഉണ്ണിത്താന് പരിക്കേറ്റു, ഷാഫി പറമ്പിലിന് മർദനം; ഡൽഹി പൊലീസും കോൺഗ്രസ് നേതാക്കളുമായി ഉന്തും തള്ളും
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസത്തിലേക്ക് നീണ്ടതിനെതിരായ പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് നേതാക്കളും പൊലീസുമായി ഉന്തും തള്ളും.
എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കം നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. പൊലീസിന്റെ ബലപ്രയോഗത്തിനിടയിൽ നിലത്തു തെറിച്ചുവീണ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ രണ്ടു കാലിന്റെയും മുട്ട് പൊട്ടി. ഷാഫി പറമ്പിൽ എം.എൽ.എക്ക് പൊലീസിന്റെ മർദനമേറ്റു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെ പൊലീസ് വലിച്ചിഴച്ചതായും പ്രവർത്തകർ ആരോപിച്ചു. വനിത നേതാവായ അൽക്ക ലാംബയും പൊലീസിന്റെ ബലപ്രയോഗത്തിന് ഇരയായി.
രണ്ടു ദിവസങ്ങളിൽ ജന്തർമന്തറിൽ സത്യഗ്രഹം നടത്തി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചൊവ്വാഴ്ച എ.ഐ.സിസി ആസ്ഥാനത്ത് സമ്മേളിച്ച് ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ഒരുങ്ങുകയായിരുന്നു. ബാരിക്കേഡ് കെട്ടി മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടു പോകാൻ ശ്രമിച്ച നേതാക്കൾക്കുനേരെയാണ് പൊലീസ് ബലം പ്രയോഗിച്ചത്. നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വാഹനത്തിൽ കയറ്റി കിലോമീറ്ററുകൾ അകലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി.
ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് തുടങ്ങി എം.പിമാരെയും മറ്റു നേതാക്കളെയും വൈകുന്നേരം വരെ സ്റ്റേഷൻ വിടാൻ പൊലീസ് അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.