ദിശ രവിയുടെ അറസ്റ്റ് നിയമപ്രകാരമെന്ന് ഡൽഹി പൊലീസ് മേധാവി
text_fieldsന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി ആക്ടിവിസ്റ്റ് ദിശ രവിയുടെ അറസ്റ്റ് നിയമനടപടികൾ പാലിച്ചാണെന്ന് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീവാസ്തവ. അക്കാര്യത്തിൽ 22കാരിയെന്നോ 50കാരിയെന്നോ വ്യത്യാസമില്ലെന്നും ശ്രീവാസ്തവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കർഷകസമരത്തെ അനുകൂലിച്ച് അന്തർദേശീയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റുമായി (ഗൂഗ്ൾ ഡോക്യുമെൻറ്) ബന്ധപ്പെട്ട് ബംഗളൂരുവിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് ദിശയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകീട്ട് ആറിനുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
പട്യാല കോടതി ദിശയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഗ്രെറ്റ തുൻബർഗിെൻറ ട്വിറ്ററിലൂടെയാണ് രാജ്യത്തെ കർഷകസമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. സമരങ്ങൾ നടക്കുമ്പോൾ ഇത്തരം ടൂൾ കിറ്റ് പ്രചരിക്കുന്നത് സാധാരണമാണ്. എന്നാൽ, ടൂൾ കിറ്റ് നിർമിച്ച് ദിശ ടെലഗ്രാം ആപ്പിലൂടെ ഗ്രെറ്റ തുൻബർഗിന് അയച്ചുനൽകിയെന്നാണ് പൊലീസ് വാദം. ലോകത്തിനു മുന്നിൽ ഇന്ത്യയെ താറടിച്ചുകാണിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് ആരോപിച്ചു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദിശക്കു പുറമെ മുംബൈയിലെ അഭിഭാഷകയായ നികിത ജേക്കബ്, പുണെയിലെ എൻജിനീയർ ശാന്തനു മുലുക് എന്നിവർക്കെതിരെയും പൊലീസ് അറസ്റ്റ് വാറൻറ് പുറെപ്പടുവിച്ചു.
എന്നാൽ, ടൂൾ കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടു വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും കർഷകസമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ദിശ കോടതിയെ അറിയിച്ചു. കോടതിയിൽ വിതുമ്പിക്കൊണ്ടാണ് ദിശ തെൻറ ഭാഗം വിശദീകരിച്ചത്. കർഷകസമരങ്ങളെ പിന്തുണക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങളായിരുന്നു ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റിൽ അടങ്ങിയിരുന്നത്. അറസ്റ്റിനെതിരെ പരിസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.