ഡൽഹി തെരഞ്ഞെടുപ്പ്: ‘ബംഗ്ലാദേശികളെ’ തിരഞ്ഞ് പൊലീസ്
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ‘ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ’ കണ്ടെത്താൻ ഡൽഹിയിൽ വ്യാപക റെയ്ഡ്. റോഹിങ്ക്യൻ അഭയാർഥികൾക്കും ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാർക്കും കെജ്രിവാൾ ഡൽഹിയിൽ അഭയം നൽകി വോട്ടു ബാങ്കാക്കി മാറ്റുന്നുവെന്ന ബി.ജെ.പി ആരോപണത്തിനിടെയാണ്, ഡൽഹി ലഫ്.ഗവർണർ വി.കെ. സക്സേനയുടെ ഉത്തരവിനുപിന്നാലെ ഡൽഹി പൊലീസ് അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചേരികളിലും കോളനികളിലും വ്യാപക റെയ്ഡ് ആരംഭിച്ചത്. കണ്ടെത്തിയ കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
ഇന്ത്യക്കാരിയാണെന്ന് തെളിയിക്കുന്ന സാധുവായ രേഖകളൊന്നുമില്ലാതെ ഡൽഹിയിലെ രുചി വിഹാറിൽ താമസിച്ചിരുന്ന സൊണാലി ശൈഖ് എന്ന 28 കാരിയുൾപ്പെടെ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നതിനായി 30 പേരെ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറയുന്നു. ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസുമായി (എഫ്.ആർ.ആർ.ഒ) ഏകോപിപ്പിച്ചാണ് നാടുകടത്തൽ നടപടികൾ ആരംഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
‘അനധികൃത ബംഗ്ലാദേശി’ കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വി.കെ. സക്സേന ഡിസംബർ 11നാണ് ഉത്തരവിട്ടത്. കണ്ടെത്തിയവരിൽ അധികപേരും അനധികൃതമായി ഇന്ത്യയിലെത്തിയതാണെന്ന് സമ്മതിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ആം ആദ്മി പാർട്ടി വോട്ടുബാങ്കെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചപ്പോൾ അതിർത്തി കടന്നുള്ള വരവ് നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ കഴിവില്ലായ്മയാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നതെന്നായിരുന്നു ആം ആദ്മി പാർട്ടി മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.