സിംഘു അതിർത്തിയിലെത്തിയ രണ്ടു മാധ്യമപ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: സിംഘു അതിർത്തിയിൽ കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ഡൽഹി പൊലീസ് കസ്റ്റഡിയിൽ. കാരവൻ മാഗസിൻ ലേഖകനും ഫ്രീലാൻസ് മാധ്യമപ്രവർത്തകനുമായ മൻദീപ് പുനിയ, ഓൺലൈൻ ന്യൂ ഇന്ത്യയിലെ ധർമേന്ദർ സിങ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.
സിംഘു അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന് ശേഷം കാരവൻ മാഗസിന് വേണ്ടി കർഷകരെ കാണാനെത്തിയതായിരുന്നു മൻദീപ് പുനിയ. പ്രക്ഷോഭ സ്ഥലത്തിന്റെ കവാടത്തിൽ വെച്ചുതന്നെ പൊലീസ് ഇവരെ തടഞ്ഞു. തുടർന്ന് പ്രദേശവാസികളിലൊരാൾ ആ വഴി കടന്നുപോയപ്പോൾ പൊലീസുകാരുമായി സംസാരിക്കുന്നത് മൻദീപ് വിഡിയോയിൽ പകർത്തുകയായിരുന്നു.
തുടർന്ന് മൻദീപിനെയും ധർമേന്ദർ സിങ്ങിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും അലിപുർ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ സ്റ്റേഷനിലുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്ന് 'ന്യൂസ്ലോൻഡ്രി' റിപ്പോർട്ട് ചെയ്യുന്നു. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി.
വെള്ളിയാഴ്ച സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. പൊലീസിന്‍റെയും പ്രദേശവാസികളെന്ന രൂപേണയെത്തിയ ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിലായിരുന്നു ആക്രമണം.
കർഷകരുടെ ടെന്‍റ് ഇവർ പൊളിച്ചുനീക്കി. സംഘർഷം അരങ്ങേറിയതിന് പിന്നാലെ പ്രദേശത്ത് മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രക്ഷോഭസ്ഥലം കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടക്കുകയും ചെയ്തു. ഇവിടെ ഇന്‍റർനെറ്റും വിച്ഛേദിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.