കലാപക്കേസിൽ ഡൽഹി പൊലീസിന് വീണ്ടും തിരിച്ചടി; മുസ്‍ലിം വ്യാപാരിയുടെ കട കത്തിച്ചതിന് പ്രതിയാക്കിയ മുസ്‍ലിം യുവാവിനെ വെറുതെവിട്ടു
text_fieldsന്യൂഡൽഹി:ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട കലാപക്കേസിൽ മുസ്‍ലിം വ്യാപാരിയുടെ കട കത്തിച്ച കേസിൽ പ്രതിയാക്കിയ മുസ്‍ലിം യുവാവിനെ നിരപരാധിയെന്നു കണ്ട് ഡൽഹി കോടതി വെറുതെവിട്ടു. വടക്കു കിഴക്കൻ ഡൽഹിയിലെ ഖജൂരിഖാസിൽ മുഹമ്മദ് റാശിദ് എന്നയാളുടെ കട കത്തിച്ച കേസിൽ ഡൽഹി പൊലീസ് പ്രതിയാക്കിയ നൂർ മുഹമ്മദിനെയാണ് ഡൽഹി കർകർഡൂമ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ശിരീഷ് അഗർവാൾ വെറുതെവിട്ടത്.കലാപം തടയാതെ കാഴ്ചക്കാരനായി നിന്ന പൊലീസ് ഉദ്യോഗസ്ഥനെ എങ്ങനെ സാക്ഷിയാക്കുമെന്ന് ചോദിച്ച കോടതി, പരാതിക്കാരനെ സാക്ഷിയാക്കി അവതരിപ്പിച്ചതിനും പൊലീസിനെ രൂക്ഷമായി വിമർശിച്ചു.
വർഗീയ കലാപത്തിൽ ‘ജയ് ശ്രീറാം’ മുഴക്കി കലാപവും നാശനഷ്ടവുമുണ്ടാക്കിയ ആൾക്കൂട്ടം മുസ്‍ലിം സമുദായത്തിൽനിന്നാണെന്ന് കരുതാൻ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കി മുസ്‍ലിം വ്യാപാരിയുടെ സ്ഥാപനം കത്തിച്ച കേസിൽ ഡൽഹി പൊലീസ് പ്രതികളാക്കിയ മൂന്നു യുവാക്കളെ അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല വെറുതെവിട്ട് രണ്ടു ദിവസത്തിനുള്ളിലാണ് മറ്റൊരു കലാപക്കേസിൽ ഡൽഹി പൊലീസിന് വീണ്ടും സമാനമായ തിരിച്ചടി നേരിട്ടത്.
ഖജൂരിഖാസിലെ ഈ സംഭവത്തിൽ പരാതിക്കാരനെ സാക്ഷിയാക്കി അവതരിപ്പിച്ച് പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് വരുത്താൻ ഭരണകൂടം ശ്രമിച്ചതിൽനിന്ന് നൂർ മുഹമ്മദിനെതിരെ കുറ്റമാരോപിച്ചത് തെറ്റാണെന്നു വ്യക്തമായെന്ന് കോടതി പറഞ്ഞു. പരാതിക്കാരനായ മുഹമ്മദ് റാശിദ് ഖജൂരിഖാസ് പൊലീസ് സ്റ്റേഷനിൽ നൂർ മുഹമ്മദിനെ കണ്ട് കട ആക്രമിച്ച ആൾക്കൂട്ടത്തിൽ അയാളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്.
എന്നാൽ, ആദ്യ സാക്ഷിയാക്കി അവതരിപ്പിച്ച മുഹമ്മദ് റാശിദ് താൻ നൂർ മുഹമ്മദിനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കോടതിയോട് പറഞ്ഞു. രണ്ടാമത്തെ സാക്ഷിയായി ഹാജരാക്കിയ ഹെഡ് കോൺസ്റ്റബിളിന്റെ മൊഴി മറ്റു തെളിവുകൾക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.