വിദ്വേഷ പ്രസംഗ കേസിൽ ഡൽഹി പൊലീസിന് തിരിച്ചടി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച ധരംസൻസദിൽ വിദ്വേഷ പ്രസംഗം നടന്നിട്ടില്ലെന്ന ഡൽഹി പൊലീസിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിക്കു മുന്നിൽ ഇത്തരമൊരു നിലപാട് എടുക്കാൻ ഡൽഹി പൊലീസിനാകുമോ എന്ന് ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് 'ഡൽഹിയിൽ നടന്നത് മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഹിന്ദു സമുദായത്തിന്‍റെ ശാക്തീകരണ പ്രസംഗങ്ങളാണെന്നും' ഉള്ള സത്യവാങ്മൂലം പുനഃപരിശോധിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഹരിദ്വാറിലും ഡൽഹിയിലും നടന്ന ധരം സൻസദുകളിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടന്നതിനെതിരെ പട്ന ഹൈകോടതി റിട്ട. ജഡ്ജി അഞ്ജന പ്രകാശും മാധ്യമ പ്രവർത്തകൻ ഖുർബാൻ അലിയുമാണ് ഹരജി നൽകിയത്. ഡിസംബർ 19ന് ഡൽഹിയിൽ ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ധരം സൻസദിൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നത് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഡൽഹി 'ധരം സൻസദി'ൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടില്ലെന്നായിരുന്നു സൗത്ത് ഈസ്റ്റ് ഡൽഹി പൊലീസ് കമീഷണർ ഇഷ പാണ്ഡെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോട് സഹിഷ്ണുത പുലർത്താൻ പരിശീലിക്കണമെന്നും കൂടി ബോധിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികളെ പിന്തുണക്കുന്നതായിരുന്നു സത്യവാങ്മൂലം. മുസ്ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനോ സമുദായത്തെ മുഴുവൻ കൂട്ടക്കൊല ചെയ്യാനോ ഉള്ള ആഹ്വാനം എന്ന് അർഥം വെക്കാവുന്നതോ വ്യാഖ്യാനിക്കാവുന്നതോ ആയ തരത്തിലെ വാക്കുകൾ ഉപയോഗിച്ചിട്ടില്ല എന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു.
ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ധരം സൻസദിൽ 'സുദർശൻ' ടി.വി. എഡിറ്റർ സുരേഷ് ചവ്ഹാൻകെ നടത്തിയത് വിദ്വേഷ പ്രസംഗമല്ലെന്നും സത്യവാങ്മൂലം തുടർന്നു. ഇതാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. ഓഖ്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തയാറാക്കിയ സത്യവാങ്മൂലം മുതിർന്ന ഉദ്യോഗസ്ഥർ ആരെങ്കിലും പരിശോധിച്ചിരുന്നോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഡൽഹി പൊലീസിലെ ഒരു ഡെപ്യൂട്ടി കമീഷണറാണോ ഈ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്? കേവലം അന്വേഷണ റിപ്പോർട്ട് പകർത്തിവെക്കുകയല്ലേ അദ്ദേഹം ചെയ്തത്? അതോ സ്വന്തം മനസ്സ് ഉപയോഗിച്ചോ? വ്യത്യാസം ഡെപ്യൂട്ടി പൊലീസ് കമീഷണർ മനസ്സിലാക്കുമെന്ന് കരുതുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.