സുനന്ദ പുഷ്കർ കേസ്: തരൂരിനെ കുറ്റമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവും കോൺഗ്രസ് എം.പിയുമായ ശശി തരൂരിനെ കുറ്റമുക്തനാക്കിയ വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി ഡൽഹി പൊലീസ്. കേസിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഡൽഹി റോസ് അവന്യൂ കോടതി സ്പെഷൽ ജഡ്ജ് ഗീതാഞ്ജലി ഗോയൽ ശശി തരൂരിനെ കുറ്റമുക്തനാക്കിയിരുന്നു.
ഡൽഹി പൊലീസിന്‍റെ ഹരജി സ്വീകരിച്ച കോടതി, കേസ് അടുത്ത ഫെബ്രുവരി ഏഴിലേക്ക് മാറ്റി. കോടതി വിധിയുണ്ടായി 15 മാസത്തിന് ശേഷമാണ് പൊലീസ് ഹരജിയുമായെത്തിയതെന്ന് തരൂരിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2014 ജനുവരി 17നാണ് ഡൽഹിയിലെ ആഢംബര ഹോട്ടലിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്ന് ഡല്‍ഹി പൊലീസ് വാദിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. തരൂരിനെതിരെ തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി, സുനന്ദ പുഷ്കറിന്റെ മരണത്തില്‍ തനിക്കെതിരേയുള്ള കേസ് അവസാനിപ്പിക്കണണെന്ന തരൂരിന്റെ ആവശ്യവും അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.