Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right12 സംസ്​ഥാനങ്ങളിൽ...

12 സംസ്​ഥാനങ്ങളിൽ നടത്തിയ ഓപറേഷൻ ഡി-24; രാജസ്​ഥാനിലെ 'വനിതാ ഡോൺ' അനുരാധ വലയിലായത്​ ഇങ്ങനെ

text_fields
bookmark_border
lady don anuradha
cancel
camera_alt

കാലാ ജതേദി, അനുരാധ എന്നിവരെ ഡൽഹി പൊലീസ്​ കോടതിയിൽ എത്തിച്ചപ്പോൾ

ന്യൂഡല്‍ഹി: രാജസ്​ഥാനിലെ 'വനിതാ ഡോൺ' എന്നറിയപ്പെടുന്ന അനുരാധ ചൗധരിയെയും കുപ്രസിദ്ധ ഗ്യാങ്​സ്റ്റർ കാലാ ​ജതേദിയെയും ഡൽഹി പൊലീസ്​ വലയിലാക്കിയത്​ ദിവസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ​. 12 സംസ്​ഥാനങ്ങളിൽ നീണ്ടുനിന്ന ആ ഓപറേഷൻ ഡൽഹി പൊലീസ്​ ഇതുവരെ നടത്തിയ നീക്കങ്ങളിൽ ഏറ്റവും വലിയ ഒന്നാണ്​. കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ഭൂമി തട്ടിയെടുക്കൽ, ക്വ​േട്ടഷൻ പ്രവർത്തനങ്ങൾ തുടങ്ങി ഒ​േട്ടറെ കേസുകളിൽ പ്രതികളാണ്​ ഇരുവരും. ഉത്തർപ്രദേശിലെ സഹരൻപുരിൽ വെച്ച്​ വെള്ളിയാഴ്ചയാണ്​ സന്ദീപ്​ എന്ന കാലാ ജതേദി അറസ്റ്റിലായത്​. ശനിയാഴ്ച അനുരാധയും ഡൽഹി പൊലീസിന്‍റെ പ്രത്യേക വിഭാഗത്തിന്‍റെ​ വലയിലായി.

ഡൽഹി, ഹരിയാന, രാജസ്​ഥാൻ, പഞ്ചാബ്​ എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്​ കാലാ ജതേദി. ഇരുവരുടെയും അറസ്​റ്റോടെ മൂന്ന്​ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിയന്ത്രണത്തിൽ ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘമാണ്​ പിടിയിലായതെന്ന്​ പൊലീസ്​ പറഞ്ഞു. 2020 ഫെബ്രുവരിയിൽ ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന്​ രക്ഷ​പ്പെട്ട കാലാ ജതേദി പിന്നീട്​ ഒളിവിൽ കഴിഞ്ഞ്​ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഡൽഹി പൊലീസും ഹരിയാന പൊലീസും ഇയാളെ പിടിച്ചുകൊടുക്കുന്നവർക്ക്​ ആറ്​ ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

കുപ്രസിദ്ധ ഗ്യാങ്​സ്റ്റർ നേതാക്കളായ പഞ്ചാബിലെ ലോറൻസ്​ ബിഷോണി, ഹരിയാനയിലെ സുബെ ഗുജ്​ജാർ, രാജസ്​ഥാനിലെ പരേതനായ ആനന്ദ്​ പാൽ സിങ്​ എന്നിവരുടെ പ്രധാന സഹായി ആയിരുന്നു കാലാ ജതേദി. ഡൽഹി പൊലീസിന്‍റെ മാത്രം 15 കേസുകളിൽ ഇയാൾ പ്രതിയാണ്​. ഇതിൽ കവർച്ച, കൊള്ളയടി, കൊലപാതകം എന്നിവയെല്ലാം ഉൾപ്പെടും. ജി.ടി.ബി ഹോസ്​പിറ്റലിൽ നിന്ന് കുൽദീപ്​ ഫജ്​ജ എന്ന കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ചതും ഇയാളാണെന്ന്​ പൊലീസ്​ പറഞ്ഞു. കുൽദീപ്​ രക്ഷപ്പെട്ട്​ മൂന്ന്​ ദിവസത്തിനകം പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ​സാഗർ റാണ കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പിക്​ മെഡൽ ജേതാവ്​ സുശീൽ കുമാറിനെ അപായപ്പെടുത്താൻ കാലാ ജതേദി പദ്ധതിയിട്ടിരുന്നെന്നും പൊലീസ്​ പറയുന്നു. സുശീൽ കുമാർ സാഗർ റാണയെ മർദിക്കുന്നതിനിടെ പരിക്കേറ്റ സോനു മഹൽ ഇയാളുടെ അനന്തരവനാണ്​. ഈ സംഭവത്തിനുശേഷം കാലാ ജതേദി സുശീൽ കുമാറിനെതിരെ വധഭീഷണി മുഴക്കിയിരുന്നു.

2017 ജൂണിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജസ്​ഥാനിലെ ഡോൺ ആനന്ദ്​ പാൽ സിങിന്‍റെ അടുത്ത അനുയായി ആണ്​ 'വനിതാ ഡോൺ' എന്നറിയപ്പെടുന്ന അനുരാധ. തട്ടിക്കൊണ്ടുപോകൽ, ആയുധക്കടത്ത്​, കള്ളക്കടത്ത്​, വഞ്ചന തുടങ്ങി നിരവധി കേസുകളിൽ ഇവർ പ്രതിയാണ്​. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക്​ രാജസ്​ഥാൻ പൊലീസ്​ 10,000 രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു. 2020ൽ ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന്​ രക്ഷപ്പെട്ട ശേഷം കാലാ ജതേദിയും അനുരാധയും ഒരുമിച്ചാണ്​ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്​. പ്രമുഖ ക്രിമിനലുകളായ കാലാ റാണ, ഗോൾഡി ബ്രാർ, മോണ്ടി എന്നിവർക്കുവേണ്ടിയാണ്​ ഇരുവരും അടുത്തിടെയായി പ്രവർത്തിച്ചിരുന്നത്​.ഗോൾഡി ബ്രാർ കാനഡയിൽ നിന്നും മോണ്ടി യു.കെയിൽ നിന്നുമാണ്​ സംഘത്തെ നിയന്ത്രിച്ചിരുന്നത്​. ഡൽഹി, പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ എന്നിവിടങ്ങളിലെ അധോലോക പ്രവർത്തനങ്ങൾ ഇവരാണ്​ നടത്തിയിരുന്നത്​.

കഴിഞ്ഞ രണ്ട്​ വർഷത്തിനിടെ ഇവർ 20ഓളം എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നാണ്​ പൊലീസിന്‍റെ കണക്കുകൂട്ടൽ. പൊലീസിന്‍റെ അന്വേഷണം വഴി തെറ്റിക്കുന്നതിന്​ വേണ്ടി കാലാ ജതേദി ഇന്ത്യ വിട്ടുവെന്ന പ്രചാരണം സംഘാംഗങ്ങൾ നടത്തിയിരുന്നു. താടി വളർത്തി, തലപ്പാവ്​ വെച്ച്​ സിഖുകാരൻ ചമഞ്ഞാണ്​ കാലാ ജതേദി നടന്നിരുന്നത്​. ജതേദിയും അനുരാധയും ദമ്പതികളാണെന്ന രേഖയുണ്ടാക്കിയാണ്​ വിവിധ സംസ്​ഥാനങ്ങളിൽ കഴിഞ്ഞിരുന്നത്​.

ഡൽഹി സ്​പെഷൽ സെല്ലിന്‍റെ കൗണ്ടർ ഇന്‍റലിജൻസ്​ വിഭാഗമാണ്​ എ.സി.പി രാഹുൽ വിക്രമിന്‍റെ മേൽനോട്ടത്തിലും ഇൻസ്​പെക്​ടർമാരായ വിക്രം ദഹിയ, സന്ദീപ്​ ദബാസ്​ എന്നിവരുടെ നേതൃത്വത്തിലും ഇരുവരെയും വലയിലാക്കിയത്​. ഒന്നര വർഷത്തോളം നീണ്ട അന്വേഷണത്തെ തുടർന്നായിരുന്നു ഇത്​. ഗോവ, ഗുജറാത്ത്​,മധ്യപ്രദേശ്​, ബിഹാർ, ഉത്തർപ്രദേശ്​, ആന്ധ്രപ്രദേശ്​,പഞ്ചാബ്​, ഹരിയാന, ഉത്തരഖണ്ഡ്​ എന്നിവിടങ്ങളിലേക്ക്​ അന്വേഷണം നീണ്ടു. 'ഒ.പി ഡി-24' എന്നാണ്​ ഈ ഓപറേഷന്​ ഡൽഹി പൊലീസ്​ പേരിട്ടത്​. ഒടുവിൽ സഹരൻപുരിലെ സർസവ ടോളിന്​ സമീപം ഒരു കുറ്റകൃത്യത്തിനായി എത്തിയ കാലാ ജതേദിയെയും പിന്നീട്​ അനുരാധയെയും കുടുക്കുകയായിരുന്നെന്ന്​ ഡൽഹി പൊലീസ്​ രഹസ്യാന്വേഷണവിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ മാനിഷി ചന്ദ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Police‘Rajasthan don’ AnuradhaGangster Kala Jathedi
News Summary - Delhi Police nabbed wanted gangster Kala Jathedi and ‘Rajasthan don’ Anuradha
Next Story