‘ഭാര്യയുടെ നിരന്തര പീഡനമാണ് അവന്റെ ആത്മഹത്യക്ക് കാരണം’; കഫേ ഉടമയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം
text_fieldsദാമ്പത്യത്തിലെ താളപ്പിഴകളും ഭാര്യയുടെ നിരന്തര പീഡനവുമാണ് തങ്ങളുടെ മകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങളുമായി ഡൽഹിയിൽ ജീവനൊടുക്കിയ കഫേ ഉടമയുടെ മാതാപിതാക്കൾ. 40കാരനായ ബിസിനസുകാരൻ പുനീത് ഖുറാനയെയാണ് ചൊവ്വാഴ്ച മോഡൽ ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് പുനീത് റെക്കോർഡ് ചെയ്ത 59 മിനിറ്റ് നീളുന്ന വിഡിയോയിൽ, ഭാര്യയും അവളുടെ കുടുംബവുമാണ് തന്റെ ആത്മഹത്യക്ക് പിന്നിലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഭാര്യയുടെ നിരന്തര പീഡനമാണ് മകന്റെ മരണത്തിന് വഴിയൊരുക്കിയതെന്ന് പുനീതിന്റെ പിതാവ് ത്രിലോക് നാഥ് ഖുറാന മൊഴി നൽകിയതായി നോർത്ത് വെസ്റ്റ് ഡൽഹി ഡി.സി.പി ഭിഷം സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു. ‘പുനീതിന്റെ മൊബൈൽ ഫോൺ പൊലീസിന്റെ കൈവശമാണ് ഇപ്പോഴുള്ളത്. മരണം സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്. രണ്ടു കുടുംബങ്ങളുടെയും മൊഴി എടുക്കുന്നു. പുനീതിന്റെ ഭാര്യ മനികയുടെ കുടുംബവും മരണം സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. വിവാഹ മോചന കേസും നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്’ -ഡി.സി.പി വിശദീകരിച്ചു.
ഭാര്യയും അവരുടെ സഹോദരിയും മാതാപിതാക്കളും പുനീതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പറയുന്നു. പീഡനം ഉന്നയിച്ച് പുനീത് വിശദമായി വീഡിയോ തയാറാക്കേണ്ടി വന്നതും സഹോദരി സൂചിപ്പിച്ചു. ‘മനികയും അവരുടെ സഹോദരിയും മാതാപിതാക്കളും പുനീതിനെ മാനസികമായി തളർത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം വിശദീകരിച്ച് പുനീത് 59 മിനിറ്റ് നീണ്ട വിഡിയോ ആണ് റെക്കോർഡ് ചെയ്തത്. ഭാര്യ അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുക വരെയുണ്ടായി’ -സഹോദരി ആരോപിക്കുന്നു.
പുനീതിന്റെ അമ്മയും മകന്റെ മരണത്തിന് മനികയെ കുറ്റപ്പെടുത്തുന്നു. ‘അവൾ അവനെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. എന്റെ മകന് നീതി കിട്ടണം’. ചൊവ്വാഴ്ച വൈകീട്ട് 4.20ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് എത്തുമ്പോൾ പുനീതിന്റെ മൃതദേഹം കഴുത്തിൽ കുരുക്കുമായി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. തൂങ്ങിമരിച്ചതാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി.
ഡിസംബർ 30ന് രാത്രി പുനീത് ഭാര്യയുമായി സംസാരിച്ചിരുന്നുവെന്നും അതിന്റെ റെക്കോർഡിങ് തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് പറഞ്ഞു. പുനീതിന്റെ പിതാവാണ് പൊലീസിന് മൊബൈൽ ഫോൺ കൈമാറിയത്. വിവാഹമോചനത്തെക്കുറിച്ചും സ്വത്തിന്റെ ഓഹരിയെക്കുറിച്ചുമാണ് ദമ്പതികൾ സംസാരിച്ചത്.
2016ൽ വിവാഹിതരായ ദമ്പതികൾക്കിടയിൽ രണ്ട് വർഷത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ആരംഭിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികൾ ആരംഭിച്ചതായും വിഷയം കോടതിയിലാണെന്നും കുടുംബവുമായി ബന്ധപ്പെട്ടവർ എ.എൻ.ഐയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.