അശ്ലീലത പങ്കുവെക്കാൻ ഇൻസ്റ്റാ ഗ്രൂപ്പ്: 26 സ്കൂൾ വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: അശ്ലീല ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ അംഗങ്ങളായ 26 സ്കൂൾ വിദ്യാർഥികൾക്കെതിരെ നടപടി തുടങ്ങി ഡൽഹി പൊലീസ്. ഒരു പതിനഞ്ച് വയസുകാരനെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. ദക്ഷിണ ഡൽഹിയിലെ പ്രമുഖ സ്കൂളുകളിൽ 10ലും 12 ലും പഠിക്കുന്ന 50 ഒാളം വിദ്യാർഥികളാണ് ‘ബോയിസ്ലോക്കർ റൂം’ എന്ന അശ്ലീല ഗ്രൂപ്പിൽ അംഗങ്ങളായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ 26 കുട്ടികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.
അവിചാരിതമായി ഇൗ ഗ്രൂപ്പിൽ അംഗമായ ഒരു പെൺകുട്ടി പുറത്ത്വിട്ട സ്ക്രീൻ ഷോട്ടുകളിലൂടെയാണ് അപകടകരമായ ഉള്ളടക്കം സംബന്ധിച്ച് വിവരം മറ്റുള്ളവരറിയുന്നത്. ബലാത്സംഗത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നത്. സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത സൈബർ പൊലീസ് ഒരു പതിനഞ്ച് വയസുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് 26 പേരെ തിരിച്ചറിഞ്ഞത്. അതിൽ മൂന്നാളുകളോട് ചോദ്യചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ ദുർഗുണ പരിഹാര കേന്ദ്രത്തിലാക്കി. ഐ.പി അഡ്രസ് മനസിലാക്കിയാണ് പൊലീസ് ഇൗ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ രക്ഷിതാക്കൾക്ക് ഇൗ ഗ്രൂപ്പ് സംബന്ധിച്ച് അറിയുമായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ് അവർ കാര്യങ്ങളറിയുന്നത്.
ഇൗ ഗ്രൂപ്പ് ഏപ്രിലിലാണ് ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ഗ്രൂപ്പിലെ അംഗങ്ങളായ വിദ്യാർഥികൾ വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ളവരാണ്. ട്യൂഷൻ സെൻററുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്പോർട്സ് മത്സരങ്ങൾ തുടങ്ങിയവയിലൂടെ പരസ്പരം ബന്ധമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ. ഗ്രൂപ്പിന്റെ അഡ്മിൻ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഗ്രൂപ്പംഗങ്ങൾ ഉപയോഗിച്ച ഐ.പി അഡ്രസുകൾ അറിയാൻ ഇൻസ്റ്റഗ്രാമുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
സംഭവം വിവാദമായതോടെ കുട്ടികൾ വിശദാംശങ്ങൾ തങ്ങളുടെ മൊബൈലുകളിൽ നിന്ന് നീക്കിയതായാണ് പൊലീസ് കരുതുന്നത്. ഐ.പി അഡ്രസുകൾ ലഭിച്ച ഉടനെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നു.
ഇതേ ഉള്ളടക്കമുള്ള വേറെയും ഇൻസ്റ്റ ഗ്രൂപ്പുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ തിരിച്ചറിഞ്ഞ കുട്ടികൾക്ക് മറ്റു ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പൊലീസ് കേസെടുത്തതിന് ശേഷം ഒരു സ്വകാര്യ സ്കൂൾ മാനേജ്മെൻറും ഒരു പെൺകുട്ടിയുടെ രക്ഷിതാവും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.