സിവിൽ സർവീസ് വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ കേസെടുത്തു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. സെൻട്രൽ ഡെപ്യൂട്ടി കമീഷണർ എം. ഹർഷവർധനാണ് ഇക്കാര്യം അറിയിച്ചത്.
പൊലീസ് ഫോറൻസിക് സംഘം അപകടസ്ഥലത്ത് പ്രാഥമിക പരിശോധന പുരോഗമിക്കുകയാണ്. വിശദമായ അന്വേഷണം വഴി അപകടത്തിന്‍റെ യഥാർഥ്യ കാരണം കണ്ടെത്തുകയാണ് ലക്ഷ്യം. സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിലുണ്ടെന്നും കമീഷണർ അറിയിച്ചു.
കെട്ടിടത്തിലുള്ള വെള്ളം പമ്പ് ചെയ്ത് കളയുന്നത് തുടരുകയാണ്. അതിന് ശേഷം സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നും കമീഷണർ വ്യക്തമാക്കി.
കനത്ത മഴയിൽ ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങി.
മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ലൈബ്രറിയില്‍ ഉണ്ടായിരുന്ന 45 വിദ്യാർഥികളിൽ രണ്ടു വിദ്യാർഥികളെ കാണാതായിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിന് മുമ്പിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.