തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: 2500 കോടിയുടെ ഹെറോയിൻ പിടികൂടി
text_fieldsന്യൂഡൽഹി: തലസ്ഥാനത്തെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട. 2500 കോടി രൂപ വിലമതിക്കുന്ന 354 കി.ഗ്രാം ഹെറോയിനാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പിടിച്ചെടുത്തത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ നിന്ന് മൂന്ന് പേരും ഡൽഹിയിൽ നിന്ന് ഒരാളുമാണ് പിടിയിലായത്. സംഘത്തിന് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്‌പെഷ്യൽ സെല്ലിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കേസിൽ മയക്കുമരുന്ന് -തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഉദേയാഗസ്ഥൻ നീരജ് താക്കൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കടലിലൂടെയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ശിവപുരിക്ക് സമീപമുള്ള ഫാക്ടറിയിൽ വെച്ച് മയക്കുമരുന്ന് സംസ്ക്കരിച്ച് പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു നീക്കം. ഒളിച്ചുവെക്കാൻ ഫരീദാബാദിൽവീട് വാടകയ്ക്ക് എടുത്തിരുന്നു. സംഘത്തലവൻ അഫ്ഗാനിസ്ഥാനിൽ ഇരുന്നാണ് ഇടപാട് നിയന്ത്രിക്കുന്നതെന്നും നീരജ് താക്കൂർ പറഞ്ഞു.
മയക്കുമരുന്ന് ലോബിക്ക് പാകിസ്താനിൽ നിന്നും പണം ലഭിച്ചതായും സൂചനകളുണ്ടെന്ന് താക്കൂർ പറഞ്ഞു. കഴിഞ്ഞ മാസം ഡൽഹിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അന്താരാഷ്ട്ര ബന്ധമുളള മയക്കുമരുന്ന് കടത്ത് പിടികൂടിയിരുന്നു. 22 ലക്ഷം സൈക്കോട്രോപിക് ഗുളികകളും 245 കിലോഗ്രാം മയക്കുമരുന്നുകളുമാണ് അന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.